തൃശൂർ: കലാനിലയം നാടകവേദിയുടെ “കടമറ്റത്ത് കത്തനാർ’ എന്ന മാന്ത്രിക നാടകത്തിനു തൃശൂരിൽ വീണ്ടും വേദിയൊരുങ്ങുന്നു. ശക്തൻ നഗറിൽ ബസ് സ്റ്റാൻഡിനോടു ചേർന്ന ഗ്രൗണ്ടിലാണ് അരങ്ങൊരുക്കുന്നത്. സ്റ്റേജ് അടങ്ങുന്ന തിയേറ്ററിന്റെ നിർമാണം ഇന്ന് ആരംഭിക്കും.
ആധുനിക ത്രിമാന സംവിധാനങ്ങളും ശബ്ദ, വെളിച്ച സങ്കേതങ്ങളും സമന്വയിപ്പിച്ചാണു സ്റ്റേജ് സജ്ജമാക്കുന്നത്. പതിനയ്യായിരത്തോളം ചതുരശ്രയടി വിസ്തീർണമുള്ള തീയേറ്റർ കോംപ്ലക്സിൽ പ്രവേശിച്ചാൽ മൾട്ടിപ്ലക്സ് മാളിൽ പ്രവേശിക്കുന്ന അനുഭവമാകും. ശീതീകരിച്ച തിയേറ്ററിൽ ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.
ഭക്ഷണശാലയും പാർക്കിംഗ് സൗകര്യവും ഉണ്ടാകും. അന്പത്തിനാലു വർഷം മുന്പ് 1965 ലാണ് ആദ്യമായി കലാനിലയം “കടമറ്റത്ത് കത്തനാരെ’ കലാസ്വാദകർക്കു മുന്നിൽ എത്തിച്ചത്. അന്നും തൃശൂരിലായിരുന്നു അരങ്ങേറ്റം. ഇപ്പോൾ പുത്തൻ വിദ്യകളോടെയാണ് കത്തനാരുടെ വരവ്. മധ്യവേനൽ അവധിക്കാലത്തു വിസ്മയകരമായ നാടകാനുഭവമായിരിക്കും.
പുതിയ വിദ്യകൾ സമന്വയിപ്പിച്ചു നാടകത്തെ പുതുതലമുറയെ നാടകത്തിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമമാണിതെന്നു സംവിധായകൻ കലാനിലയം അനന്തപത്മനാഭൻ പറഞ്ഞു. തിയേറ്ററിന്റെ കാൽനാട്ടുകർമം ഇന്ന് ഉച്ചയ്ക്കു 12.15 ന് തൃശൂർ മേയർ അജിത വിജയൻ നിർവഹിക്കും.