ന്യൂയോര്‍ക്ക്: വിവാഹിതയും മുന്‍ മിഷിഗണ്‍ ഹൈസ്കൂള്‍ അധ്യാപികയുമായ ഇരുപത്തേഴുകാരിയെ രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് കോടതി നാലു വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചു.
റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന സ്പെഷല്‍ എഡ്യൂക്കേഷന്‍ അധ്യാപിക കാതറീന്‍ മേരി ഹൊട്ടാലിംഗ് ആണ് പതിനാറും പതിനേഴും വയസുള്ള രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനു 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്.
2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
കൗമാരക്കാരായ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കല്‍ മറ്റു ആറ് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു.
ശിക്ഷ വിധിക്കുന്നതിനു മുന്‍പ് കോടതി മുറിയില്‍ കാതറീന്‍ മേരി വികാരാധീനയായി. “ജയിലില്‍ കഴിയുന്നത് തന്‍റെ ബന്ധങ്ങളേയും ജീവിതത്തെ തന്നെയും മാറ്റി മറിക്കും.
എന്‍റെ പ്രവൃത്തികള്‍ എന്‍റെയും എന്‍റെ ഭര്‍ത്താവിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും ബാധിക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു.
എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു ശിക്ഷയാണ് എനിക്ക് ലഭിക്കുന്നത്, ഒരിക്കലും ആഗ്രഹിക്കാന്‍ പാടില്ലാത്ത ശിക്ഷ,’ അവര്‍ പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ