ബെർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ മൂന്നു പേർ കൊല്ലപ്പെട്ട കത്തിയാക്രമണത്തിൽ ഇരുപത്താറുകാരനായ സിറിയൻ വംശജൻ പോലീസിനു കീഴടങ്ങി കുറ്റം സമ്മതിച്ചു. നേരത്തേ മറ്റു രണ്ടു പേർകൂടി അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവം ഭീകരാക്രമണമാണെന്നു ജർമൻ വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെങ്കിലും അക്രമിയുമായി സംഘടനയ്ക്കുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ല.
പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരം സ്ഥാപിതമായതിന്റെ 650-ാം വാർഷികാഘോഷം നടക്കുന്നതിനിടെയാണു കത്തിയാക്രമണം ഉണ്ടായത്. പരിക്കേറ്റ എട്ടു പേരിൽ നാലു പേരുടെ നില ഗുരുതരമാണ്.
കുറ്റം സമ്മതിച്ച സിറിയൻ അഭയാർഥി 2022 ഡിസംബറിലാണു ജർമനിയിലെത്തിയത്. ആക്രമണസ്ഥലത്തുനിന്ന് 300 മീറ്റർ അകലെയുള്ള അഭയാർഥി ക്യാന്പിൽ ഇയാൾ താമസിച്ചിരുന്നതായി സൂചനയുണ്ട്. ആക്രമണത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്ന പതിനഞ്ചുകാരനും മറ്റൊരാളുമാണു നേരത്തേ അറസ്റ്റിലായത്.