പിറവം: പിറവത്ത് ഇന്നലെ അർദ്ധരാത്രി വീട് കുത്തിത്തുറന്ന് ഉള്ളിൽ പ്രവേശിച്ച രണ്ടംഗ സംഘം 13-കാരിയുടെ കഴുത്തിൽ കത്തിവച്ച് അമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു. ഓണക്കൂർ നിരപ്പ് കോലാട്ടേൽ സിൽവി ജോണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള മൂന്നു വീടുകളിലും മോഷണ ശ്രമമുണ്ടായി.സിൽവിയുടെ ഭർത്താവ് രണ്ട് വർഷം മുന്‍പ് മരിച്ചുപോയതിനാൽ മകളുമായി ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.
ഇന്നു പുലർച്ചെ 2.30-ഓടെയാണ് വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ച് സംഘം ഉള്ളിൽ പ്രവേശിച്ചത്. മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ഇതിൽ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന മകൾ നേഹ എഴുന്നേറ്റതോടെ ഇവർ പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് കഴുത്തിൽ കത്തിവച്ചു. അമ്മ സിൽവി സമീപത്തുകിടക്കുന്നുണ്ടായിരുന്നെങ്കിലും ഇതറിഞ്ഞിരുന്നില്ല.
ഇതിനിടെ കുട്ടി വായിൽ നിന്നും കൈ വിടുവിപ്പിച്ച് കരഞ്ഞതോടെ അമ്മ സിൽവി ചാടി എഴുന്നേൽക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊന്ന് കളയുമെന്ന് പറഞ്ഞുകൊണ്ട് സിൽവിയുടെ ആഭരണങ്ങൾ ഉൗരി വാങ്ങി. പെണ്‍കുട്ടിയുടെ കാലിലെ കൊലുസും, ഒരു മൊബൈൽ ഫോണും ഇവർ കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞാൽ ഇരുവരേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പോയത്.
പ്രതികൾ മുഖം ഉടുത്തിരുന്ന മുണ്ടുപയോഗിച്ച് മറച്ചിരുന്നു. മലയാളമാണ് സംസാരിച്ചിരുന്നതെന്ന് സിൽവി പറഞ്ഞു. അമ്മയും, മകളും ഭയന്നുപോയതിനാൽ ഇവർ പുലർച്ചെയാണ് സമീപത്തുള്ള വീട്ടുകാരോട് വിവരം പറയുന്നത്. ഭർത്താവ് മരിച്ചതോടെ തയ്യൽ ജോലി ചെയ്താണ് സിൽവി കുടുംബം പുലർത്തുന്നത്. ഏകദേശം നാലര പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഇവർ പറയുന്നു. ഇതിന് മുന്‍പ് രാത്രി 12.30-ഓടെ നിരപ്പിന് സമീപം ഇഞ്ചക്കാട്ടേൽ ബിജുവിന്റെ വീട്ടിൽ മോഷണ ശ്രമമുണ്ടായി.
ഇവിടെ വയോധികയായി മാതാവും, മകളും, കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ബിജു ജോലിക്ക് പോയിരിക്കുകയായിരുന്നു. പിൻവശത്തെ വാതിൽ പൊളിക്കുന്നതിന്റെ ശബ്ദം ഇവർ കേട്ടിരുന്നെങ്കിലും മുറിക്ക് പുറത്തിറങ്ങിയില്ല. പിന്നീട് അയൽവാസിയോടെ മൊബൈൽ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. സമീപവാസിയായ സ്റ്റീഫൻ എത്തിയപ്പോൾ പിൻഭാഗത്തെ മുറ്റത്തിരുന്ന് മോഷ്ടാവ് വീടിനുള്ളിൽ നിന്നുമെടുത്ത് കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ടോർച്ചിന്റെ വെളിച്ചം കണ്ടതോടെ ഇയാൾ ഓടി രക്ഷപെട്ടു.
പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല. ഒരു മോഷ്ടാവാണ് ഇവിടെ ഉണ്ടായിരുന്നത്. വീടിനുള്ളിൽ നിന്നും കഞ്ഞിയും, ഫ്രിജിൽ സൂക്ഷിച്ചിരുന്ന കറികളും ഇയാൾ എടുത്തിരുന്നു. ഇതിന് ശേഷം 1.30-യോടെ നിരപ്പ് ജംഗ്ഷനിലുള്ള മൂച്ചാണിത്തറയിൽ ജോയിയുടെ വീടിന്റെ പിൻഭാഗത്തെ വാതിലും പൊളിച്ച് ഉള്ളിൽ പ്രവേശിച്ചിരുന്നു. വീട്ടുകാർ ഉണർന്നതിനാൽ സംഘം ഓടി രക്ഷപെടുകയായിരുന്നു.
അര കിലോമീറ്റർ അകലെ ഓണക്കൂർ വടക്കേടത്ത് സുനിൽ കുമാറിന്റെ വീട്ടിലും സമാനമായ രീതിയിൽ മോഷണമുണ്ടായെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാവ് ഓടി രക്ഷപെട്ടു. പിറവത്ത് അന്യസംസ്ഥാനത്തുനിന്നുമെത്തിയ നാടോടി സംഘം തന്പടിച്ചിട്ടുള്ളതിനാൽ ഇവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം നന്നായി മലയാളം സംസാരിക്കുന്നവരാണ് എത്തിയതെന്നുള്ള മൊഴിയുള്ളതിനാൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.