കാഞ്ഞിരപ്പള്ളി: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളികളെ കുത്തി പരിക്കേല്പ്പിച്ചപ്രതി അറസ്റ്റില്‍. തിടനാട് സ്വദേശിയും കരാറുകാരനുമായ ജോര്‍ജുകുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.
ഇന്നലെ രാത്രിയില്‍ കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.40 തോടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് കവലയിലാണ് സംഭവം.തൊഴിലാളികളായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ അനീഷ് (28), വിഷ്ണു (36), അനൂപ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്.
കൂട്ടിക്കല്‍ സ്വദേശി ഇഷാമിനും പരിക്കേറ്റിരുന്നു.രാവിലെ കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് തിടനാട് പോലീസ് സ്റ്റേഷനില്‍ ഇവരെ വിളിപ്പിച്ചിരുന്നു.പകുതി പണം നല്‍കുകയും ബാക്കി ശനിയാഴ്ച കൊടുക്കാമെന്ന് ജോര്‍ജുകുട്ടി പറഞ്ഞു.
തുടര്‍ന്ന് പുറത്തിറങ്ങിയ ഇവര്‍ തമ്മിൽ തിടനാട് വച്ച് വാക്കുതര്‍ക്കം ഉണ്ടാകുകയും ജോര്‍ജുകുട്ടിയുടെ ബൈക്കിന്റെ ഹെഡ് ലൈറ്റ് അടിച്ചു പൊട്ടിക്കുകയും കാറ്റ് അഴിച്ചുവിടുകയും ചെയ്തു.
ബസില്‍ കയറി ആനക്കല്ല് വീട്ടിലെത്തിയ ജോര്‍ജുകുട്ടിയെ പിന്ത്തുടര്ന്ന് എത്തിയ തൊഴിലാളികള്‍ വീട്ടിലെത്തി വാക്കുതര്‍ക്കം ഉണ്ടാക്കുകയും ജോര്‍ജുകുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കുകയും ചെയ്തു.
തുടര്‍ന്ന് ആനക്കല്ല് കവലിയിലുണ്ടായ സംഘര്‍ഷത്തില്‍ സ്വയം രക്ഷയ്ക്കുവേണ്ടി കുത്തിയതാണെന്നുംതൊഴിലാളികളുടെ കൈയിലുണ്ടായ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.