ഒറ്റപ്പാലം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരി ഭർത്താവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് പ്രതി ഒളിവിൽ പോയി. ഒറ്റപ്പാലം പനമണ്ണ ആലിക്കൽ വീട്ടിൽ ശങ്കരനാരായണനാണ് (59) കുത്തേറ്റത്.
ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരനായ ലക്കിടി മംഗലം മാണിയംകാട് വീട്ടിൽ രവീന്ദ്രനാണ് (60) ഇന്നലെ രാവിലെ 8 മണിയോടുകൂടി മംഗലം ദേവിവിലാസം സ്കൂളിനു സമീപമുള്ള ഇടവഴിയിൽ വെച്ച് ശങ്കരനാരായണനെ കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.
ഇതിനുശേഷം പ്രതി ഒളിവിൽ പോയി. പരിസരവാസികൾ ചേർന്നാണ് ശങ്കരനാരായണനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിലെ സ്വത്തുതർക്കം ആണ് കത്തിക്കുത്തിൽ കലാശിച്ചത്. ദീർഘകാലമായി ഇവർ തമ്മിൽ സ്വത്തുതർക്കം കോടതിയിലായിരുന്നു.
ഇതിനുശേഷം ശങ്കരനാരായണന്റെ ഭാര്യക്ക് അനുകൂലമായി കോടതി വിധി വന്നതിന്റെ തുടർച്ചയായാണ് കത്തിക്കുത്ത് ഉണ്ടായത്. പോലീസ് കേസെടുത്തു. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി.