ന്യൂഡൽഹി: ബൈക്കില്‍ അഭ്യാസം നടത്തരുതെന്ന താക്കീത് നല്കിയ യുവാവിനെ പതിനേഴുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ രഘുബീര്‍ നഗര്‍ സ്വദേശിയായ മനീഷ്(25) ആണ് കൊല്ലപ്പെട്ടത്. കാര്‍ ഡ്രൈവറായിരുന്നു മനീഷ്. പ്രതികളായ മൂന്നു പേര്‍ക്കും പതിനേഴ് വയസാണ് പ്രായം.
സ്ഥിരമായി അമിതവേഗതയിൽ ബൈക്കോടിച്ചിരുന്ന പ്രതിയോട് മനീഷ് ഇത് ആവർത്തിക്കരുതെന്ന പല പ്രാവശ്യം താക്കീത് നൽകിയിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ ദിവസവും ബൈക്കിൽ എത്തിയ പ്രതിക്ക് മനീഷ് മുന്നറിയിപ്പ് നൽകി. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ പ്രതി മനീഷിനെ ആക്രമിക്കുകയായിരുന്നു.
ശരീരത്തിൽ 28 കുത്തേറ്റ മനീഷിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ തന്നെ മനീഷ് മരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
സംഭവ സ്ഥലത്തെ സിസിടിവിയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി.