മരട്: മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെട്ടൂർ വെളിപറമ്പിൽ അബ്ദുവിന്റെ മകൻ അഫ്സൽ (23) നെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു.
മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് അക്രമത്തിനിരയായ നെട്ടൂർ സ്വദേശി റഫീഖ് പറയുന്നത്. ഭാര്യക്കും മകൾക്കും മുന്നിലിട്ടാണ് ക്രൂരമായി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുയും ചെയ്തത്.
ലഹരി വില്പനക്കാരായ അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നാണ് പറയപ്പെടുന്നത്.കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിയാത്തത് പ്രദേശത്ത് വൻ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു.
ഇതിനു തൊട്ടുപിന്നാലെ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച വെളുപ്പിനാണ് ഉത്തരേന്ത്യക്കാരായ രണ്ടു പേരെ റോഡിൽ തടഞ്ഞു നിർത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നത്.
രണ്ടു പേരെയും മർദിക്കുകയും ചെയ്തിരുന്നു. മുഖത്തും, തലയിലും മുറിവേറ്റ ഇരുവരും അശുപത്രിയിൽ ചികിൽസതേടി.
പേരുസഹിതം പനങ്ങാട് പോലീസിൽ പരാതി നൽകിയെങ്കിലും പരസ്യമായി വിലസുന്ന അക്രമികളെ പിടികൂടാൻ പോലീസ് തയാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.