സ്വന്തം ലേഖകന്‍
കോഴിക്കോട്: ലഹരിക്കടിമയായ മകന് മാതാപിതാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചു. അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസെത്തി ആകാശത്തേക്ക് രണ്ടുതവണ വെടിവച്ചശേഷം മല്പിടിത്തത്തിലൂടെ കീഴടക്കി.
പോലീസിന്റെ സമയോചിതമായ ഇടപെടലാണ് രണ്ടുപേരുടെ ജീവന് രക്ഷിച്ചത്.എരഞ്ഞിപ്പാലത്ത് വിക്രം റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഷാജിയുടെ പരിക്ക് സാരമുള്ളതാണ്.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെ കുത്തിയ മകന് ഷൈന്‍ മല്പിടിത്തത്തില് ചെറിയ പരിക്കുണ്ട്.
ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നല്‍കിയശേഷം കോഴിക്കോട് നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ലഹരിക്കടിമയായ ഷൈന്‍ സ്ഥിരമായി മാതാപിതാക്കളുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വഴക്കുണ്ടാക്കുന്നതിനിടയില്‍ അക്രമാസക്തനാവുകയും പിതാവ് ഷാജിയേയും മാതാവ് ബിജിയേയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്പിക്കുകയുമായിരുന്നു.
വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ട് വീടിന്റെ ഉടമയാണ് നടക്കാവ് പോലീസില്‍ വിളിച്ച് കാര്യം പറഞ്ഞത്. ഉടനെതന്നെ നടക്കാവ് സ്റ്റേഷനന് ഇന്‍സ്പെക്ടര്‍ പി.കെ. ജിതീഷ്, എസ്ഐ കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി.
പോലീസിനു നേരെയും കത്തിവീശി
അക്രമാസക്തനായിരുന്നു യുവാവ്. ഇയാളോട് കത്തി താഴെയിട്ട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
തുടര്‍ന്ന് കണ്ട്രാള് റൂമില്‍ നിന്ന് വന്‍പോലീസ് സംഘവും എത്തി.പോലീസിനുനേരെയും ഇയാള്‍ ഭീഷണി ഉയര്‍ത്തി കത്തി വീശി.
ഇതോടെ പോലീസ് ആകാശത്തേക്ക് രണ്ടു തവണ നിറയൊഴിച്ചു. ഈ സമയത്ത് ഷൈനെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ക്ക് ചെറിയ പരിക്കേറ്റു.
കുത്തേറ്റ ഷാജിയേയും ബിജിയേയും പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.ഷാജിക്ക് ശരീരത്തില്‍ സാരമായ മുറിവേറ്റിട്ടുണ്ട്.
ഷൈന്‍ ചോദ്യം ചെയ്യാന്‍ പറ്റാത്ത മാനസികാവസ്ഥയിലാണ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഇയാള്‍ വീട്ടില്‍ നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ ലഹരി വില്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്. സ്കൂള്‍ കുട്ടികളും യുവാക്കളുമാണ് പ്രധാനമായും മയക്കുമരുന്നിന് ഇരയാകുന്നത്.
അടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കോഴിക്കോട്ടുനിന്ന് പിടിച്ചെടുത്തിരുന്നു. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി നിരവധി പേര് അറസ്റ്റിലായിട്ടുണ്ടെങ്കിലും വില്പനയ്ക്ക് കുറവൊന്നുമില്ല. ലഹരിവസ്തുക്കള്‍ യഥേഷ്ടം കിട്ടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.