അന്പലപ്പുഴ: പെണ്‍കുട്ടിയെ ആക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനിടെ യുവാവിന് കുത്തേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ അറുകുല വീട്ടിൽ കുര്യാക്കോസി(20)നെ ആണ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. യുവാവ് യുവതിയെ നിരന്തരം ശല്യം ചെയ്തു വന്നിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. മാനഹാനി ഭയന്നാണ് പോലീസിൽ പരാതി നൽകാതിരുന്നതെന്നും ഇവർ പറഞ്ഞു. ഇന്നലെ (ഞായർ) വീണ്ടും യുവാവ് പെണ്‍കുട്ടിയെ ആക്ഷേപിക്കുകയായിരുന്നു.
ഇതേത്തുടർന്ന് പെണ്‍കുട്ടിയുടെ പിതാവും ഇയാളുമായി വാക്കേറ്റം ഉണ്ടാകുകയും ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ വയറിൽ കുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.