തിരുവല്ല: വസ്ത്രം അലക്കിക്കൊണ്ടുനിന്ന വീട്ടമ്മയെ സമീപവാസിയായ യുവാവ് ബിയര്‍കുപ്പി ഉപയോഗിച്ച് കുത്തിക്കൊന്നു.
കുന്നന്താനം പാമല എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം വിജയമ്മ (62)യെയാണ് കൊലപ്പെടുത്തിയത്. സമീപവാസിയായി പ്രദീപ് കുമാറിനെ (അയ്യപ്പന്, 40) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. പ്രദീപ് കുമാര്‍ പ്രദേശവാസികളുമായി വഴക്കിടുക പതിവായിരുന്നെന്ന് പറയുന്നു.
ഇയാള്‍ മറ്റുചിലരുമായി വഴക്കിട്ട് വരുന്നതിനിടെ വസ്ത്രം അലക്കിക്കൊണ്ടു നിന്ന വിജയമ്മയുമായി വാക്കുതര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
ഇതിനു പിന്നാലെ കൈയിലിരുന്ന ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിനുശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രദീപ് കുമാറിനെ നാട്ടുകാര്‍ പിടികൂടി കീഴ് വായ്പൂര് പോലീസിനു കൈമാറി.
പ്രദീപിനെതിരേ നിരവധി പരാതികള്‍ നേരത്തെയും പോലീസിനു ലഭിച്ചിരുന്നു. മദ്യം, മയക്കുമരുന്ന് ലഹരിയില്‍ ഇയാള്‍ പ്രശ്നം ഉണ്ടാക്കുന്നതായി പരാതികളുണ്ടായിരുന്നതായി പോലീസും പറഞ്ഞു.