പത്തനാപുരം: അമിത മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാഴിയിൽ മകൻ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു. ടൈൽലിന്റെ മുറികൊണ്ടുള്ള കുത്തിൽ ആഴത്തിൽ മുറിവേറ്റ പട്ടാഴി തെക്കേത്തേരി മുതിരപ്പാറ രഞ്ജിത്ത് ഭവനിൽ ദേവദാസനെ (60) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ദേവദാസന്റെ മകൻ അനന്ദുവിനെ (27) കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. അനന്ദുവിന്റെ മദ്യപാനം പതിവായതോടെ വീട്ടുകാർ ഇതിനെ എതിർത്തിരുന്നു.
ഇന്നലെ മദ്യ ലഹരിയിൽ വീട്ടിലെത്തിയ അനന്ദുവിനെ ദേവദാസൻ വഴക്ക് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റത്തിലായി. തറയിൽ കിടന്ന ടൈൽ എടുത്ത് ദേവദാസൻ അനന്ദുവിനെ അടിച്ചു.
തറയില്‍ വീണ് പൊട്ടിയ ടൈലിന്റെ മൂര്‍ച്ചയുള്ള ഭാഗമുപയോഗിച്ച് അനന്ദു ദേവദാസിനെ കുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉടൻതന്നെ ദേവദാസിനെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമെന്നാണ് പോലീസ് അറിയിച്ചത്. കുന്നിക്കോട് സി ഐ മുബാറക്, എസ് ഐ വിനു, അഡീഷണൽ എസ് ഐ ജോയി, എ എസ് ഐ സുനിൽ, സി പി ഒ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.