കൊച്ചി: എറണാകുളം കലൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശി ഹരി(58)നെ ആണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി മുകേഷ്(38) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ കഴുത്തിനും കക്ഷത്തിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നലോടെ ആസാദ് റോഡില്‍ ഇവര്‍ താമസിക്കുന്ന സംഗീത ഫ്ളാറ്റിലായിരുന്നു സംഭവം. കൊച്ചിയിലെ വൈറ്റ് ഗാര്‍ഡ് എന്ന സ്വകാര്യ സെക്യൂരിറ്റി ഏന്ജന്യിലെ ജീവനക്കാരാണ് ഇരുവരും.
ഹരി ബിഎസ്എന്‍എല്ലിലും മുകേഷ് സംഗീത ഫ്ളാറ്റിലുമാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ മുതല്‍ ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഉച്ചയോടെ മദ്യലഹരിയില്‍ വാക്കുതര്‍ക്കമായി.
ഇതിന് ശേഷം മുകേഷ് കിടന്ന് ഉറങ്ങി. വൈകിട്ട് ഹരി വിളിച്ചിട്ട് മുകേഷ് എഴുന്നേറ്റില്ല. ഇതിന്റെ ദേഷ്യത്തില്‍ കുളിമുറിയില്‍ നിന്ന് ഒരു ബക്കറ്റ് വെള്ളമെടുത്ത് ഹരി മുകേഷിന്റെ ദേഹത്ത് ഒഴുച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം അവിടെനിന്നും മാറിയ പ്രതിയെ സമീപത്തെ ചായക്കടയുടെ പരിസരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.