ചാരുംമൂട്: കടംവാങ്ങിയ പണം തിരികെ തരാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ.
പാലമേൽ ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കേതിൽ വീട്ടിൽ റഫീഖി(39)നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പാലമേൽ ആദിക്കാട്ടുകുളങ്ങര കണ്ടിരേത്ത് നൈനാർ മൻസിലിൽ ആഷിഖ് (48), പാലമേൽ ആദിക്കാട്ടുകുളങ്ങര ചാന്നാരയ്യത്ത് വീട്ടിൽ ഷാനു (34) എന്നിവരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ ആഷിക്കിന്റെ കൈയിൽനിന്നും 20,000 രൂപ റഫീഖ് കടം വാങ്ങിയിരുന്നു.ഈ പണം തിരിച്ചുതരുന്നതുമായി ബന്ധപ്പെട്ട് ആഷിഖ് റഫീഖിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 27ന് രാത്രി 8.30ന് രണ്ടാം പ്രതിയായ ഷാനു ആഷിക്കിന്റെ നിർദേശപ്രകാരം റഫീഖിനെ പണത്തിന്റെ കാര്യം പറഞ്ഞുതീർക്കാം എന്നുപറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആഷിഖിന്റെ ആദിക്കാട്ടുകുളങ്ങരയുള്ള വീടിനു സമീപത്തേക്കു വിളിച്ചുവരുത്തി ഇരുവരും ചേർന്ന് റഫീഖിനെ ക്രൂരമായി മർദിക്കുകയും തുടർന്ന് ആഷിഖ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റഫീഖിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായ റഫീഖിനെ ബന്ധുക്കൾ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തു.
റനാട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം തെന്മലനിന്നു രണ്ടു പ്രതികളെയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറനാട് കെസിഎം ആശുപത്രിക്കു സമീപമുള്ള കുറ്റിക്കാട്ടിൽനിന്നും കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.പ്രതികൾക്കു നൂറനാട്, അടൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളും രണ്ടു പേരും ലഹരി മരുന്നുകൾക്ക് അടിമയുമാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ മാവേലിക്കര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ പി. ശ്രീജിത്ത്, എസ്ഐ നിതീഷ്, എഎസ്ഐ രാജേന്ദ്രൻ, സിപിഒമാരായ സിനു, സന്തോഷ് മാത്യു, കലേഷ്, പ്രവീൺ, അനി, മനു, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.