ആലപ്പുഴ: പൂച്ചാക്കൽ പള്ളിപ്പുറത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കരുനാട്ടിൽ മണിയൻ നായരുടെ മകൻ മഹേഷ് (30) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. കാപ്പ കേസിൽ പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. മഹേഷും ഗിരീഷും ഒരേ പുരയിടത്തിൽ തന്നെയുള്ള രണ്ട് വീടുകളിൽ ആണ് താമസിച്ചിരുന്നത്. മഹേഷ് ഉപയോഗിച്ചിരുന്ന ഒമ്നി വാൻ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
പുലർച്ചെ രണ്ടോടെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷും ഗിരീഷും തമ്മിൽ സംഘർഷമുണ്ടായതായും ഗിരീഷിനു നേരെ മഹേഷ് കുരുമുളക് സ്പ്രേ ചെയ്തതായും സമീപവാസികൾ പറയുന്നു. സംഘർഷത്തിനിടെ മഹേഷിന്റെ വയറിൽ കുത്തേൽക്കുകയായിരുന്നു. ഗിരീഷും അച്ഛനും ചേർന്ന് മഹേഷിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.