കൊച്ചി: എറണാകുളം ചേന്പുങ്കാട് കോളനിക്കു സമീപം വയോധികൻ കുത്തേറ്റുമരിച്ചനിലയിൽ. ചേന്പുങ്കാട് കോളനിക്കു പിന്നിലെ പുറന്പോക്കിൽ താമസിക്കുന്ന ദിലീപ് (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി സ്റ്റാൻലിക്കായി (65) പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ദിലീപും സ്റ്റാൻലിനും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് സ്റ്റാൻലിൻ ദിലീപിൽ നിന്നും പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മിതിച്ചതോടെ വാക്കുതർക്കമായി.
ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മൂർച്ചയേറിയ മാരകായുധം ഉപയോഗിച്ചുള്ള കുത്തേറ്റാണ് ദിലീപ് കൊല്ലപ്പെട്ടിട്ടുള്ളത്. ആയുധം കണ്ടെത്താൻ സാധിച്ചിട്ടില്ല. എറണാകുളം കടവന്ത്ര പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതനായ ദിലീപ് ഒറ്റയ്ക്കാണ് താമസിക്കുന്നത്.
ആറ് മാസം മുന്പ് ഇയാളുടെ ഭാര്യ പിണങ്ങിപ്പോയിരുന്നു.