കൊച്ചി: മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ബിയർ കുപ്പിക്കൊണ്ട് കുത്തേറ്റ് യുവാവ് ആശുപത്രിയിൽ.
സംഭവവുമായി ബന്ധപ്പെട്ട് തമ്മനം ലേബർ കോളനി റോഡ് പാലാതുരുത്ത് പറന്പിൽ ഫെബിൻ ജോസി(21)യെ മരട് പോലീസ് അറസ്റ്റു ചെയ്തു.
വൈറ്റില സഹകരണ റോഡ് പുത്തൻപുരയിൽ അഖിൽ വർഗീസിനെ(25) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നിന് വൈറ്റിലയിലെ ബാർ ഹോട്ടലിനു സമീപത്തായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി.
തുടർന്ന് ഹോട്ടലിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അഖിലിനെ ഒഴിഞ്ഞ ബിയർക്കുപ്പിക്കൊണ്ട് ഫെബിൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മരട് പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ നഗരത്തിൽ ഏഴു കൊലപാതകങ്ങളാണ് നടന്നത്. എല്ലാ കൊലപാതകങ്ങളും രാത്രികാലങ്ങളിലാണ് നടന്നതും.