കൊച്ചി: നഗരത്തിൽ പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്. കലൂരിൽ പ്രവർത്തിക്കുന്ന ജ്യൂസ് കടയുടെ ഉടമകളായ കാസർഗോഡ് സ്വദേശികൾക്കാണു കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ജ്യൂസ് കുടിക്കാനെത്തിയ തമിഴ്നാട് സ്വദേശികൾ കടയുടമകളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാക്കുതർക്കം രൂക്ഷമായതോടെ കടയിലുണ്ടായിരുന്ന നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ഉടമകളെ കുത്തി.
പരിക്കേറ്റ ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.