കോതമംഗലം: നെല്ലിമറ്റത്ത് പട്ടാപ്പകൽ നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കുത്തേറ്റു. നെല്ലിമറ്റം നെടുന്പാറ സ്വദേശി ജോബി (44) ക്കാണ് കുത്തേറ്റത്.
ഭർത്താവ് മോളയിൽ അശോകൻ (48) സംഭവശേഷം ഒളിവിൽപോയി. ഇന്നലെ രാവിലെ ഏഴരയോടെ കുറുങ്കുളം ഭാഗത്തായിരുന്നു സംഭവം.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ജോബി ജോലിസ്ഥലത്തേക്ക് പോകുംവഴി വഴിയിൽ കാത്തുനിന്ന അശോകൻ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോബിക്ക് മൂന്ന് കുത്തേറ്റിട്ടുണ്ട്.സംഭവം കണ്ട നാട്ടുകാർ ബഹളം കൂട്ടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ജോബിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫർണിച്ചർ പണിക്കാരനായ അശോകനും ജോബിയും എട്ട് മാസത്തോളമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കുട്ടികൾ ജോബിക്കൊപ്പമാണ് താമസിക്കുന്നത്.
ഊന്നുകൽ പോലീസ് കേസെടുത്ത് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.