കോട്ടയം: മാന്നാനത്ത് ഷാപ്പിനു മുന്നിൽ പെയിന്റിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയതു വീട്ടിൽ നിന്നും കറിക്കത്തിയുമായി എത്തി. ശനിയാഴ്ച രാത്രി 7.30ന് മാന്നാനം നെടുംന്പറന്പിൽ സന്തോഷാണ്(47)കുത്തേറ്റു മരിച്ചത്.
മാന്നാനം വേലംകുളം വേലംകുളത്തിൽ രതീഷ്(കുട്ടി -40)ആണ് കുത്തിയത്. സന്തോഷും രതീഷും പെയിന്റിംഗ് തൊഴിലാളികളാണ്. ശനിയാഴ്ച രാവിലെ മുതൽ പല സ്ഥലങ്ങളിലിരുന്ന് മദ്യപിക്കുകയായിരുന്നു ഇരുവരും. ഒടുവിൽ പണത്തെച്ചൊല്ലിയുണ്ടായ തർക്കവും വാക്കേറ്റവും അടിപിടിയുമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
രാവിലെ മുതൽ മാന്നാനം വാര്യമുട്ടത്തെ ഷാപ്പിലിരുന്ന് മദ്യപിച്ച ഇരുവരും തമ്മിൽ പണത്തെച്ചൊല്ലി തർക്കമായി. ഇതോടെ സംഭവത്തിൽ ഷാപ്പ് ജീവനക്കാർ ഇടപെട്ടു. ഈ സംഘർഷത്തിൽ ഷാപ്പിലെ കുപ്പികൾ ഇരുവരും ചേർന്നു തല്ലിതകർക്കുകയും ചെയ്തു.
ഇതിനുശേഷം ഇവിടെ നിന്നും മടങ്ങിയ ഇവർ വൈകുന്നേരത്തോടെ വീണ്ടും മാന്നാനത്തെ ഷാപ്പിലെത്തി. വീണ്ടും മദ്യപിക്കുന്നതിനിടയിൽ പണത്തെച്ചൊല്ലി തർക്കമായി. ഇതിനിടയിൽ രതീഷും മറ്റൊരു സുഹൃത്തും ചേർന്നു സന്തോഷിനെ മർദിച്ചു.
തുടർന്നു വീട്ടിലേക്കു മടങ്ങിയ രതീഷ് വീട്ടിൽ നിന്നും കറിക്കത്തിയുമായി തിരികെയെത്തി സന്തോഷിനെ കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വയറിന്റെ രണ്ടു വശത്തും കുത്തേറ്റ സന്തോഷ് നിലത്ത് വീണു കിടക്കുകയായിരുന്നു.
ഷാപ്പിനു മുന്നിൽ വെളിച്ചമില്ലാത്തതിനാൽ സന്തോഷ് വീണു കിടക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് ഷാപ്പ് അടയ്ക്കുന്പോഴാണ് സന്തോഷ് വീണു കിടക്കുന്നതു ജീവനക്കാർ കണ്ടത്. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
രാത്രി തന്നെ പോലീസ് രതീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സന്തോഷിന്റെ സംസ്കാര ചടങ്ങിനിടയിലും പനന്പാലത്തെ ഗുണ്ടാ സംഘത്തിൽപ്പെട്ട ചിലരും ബന്ധുക്കളുമായി സംഘർഷമുണ്ടായതായി നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയിരുന്നു. ഗു
ണ്ടാ സംഘത്തിൽപ്പെട്ട ചിലർ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായും പരാതി ഉയർന്നിരുന്നു. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ വാക്കു തർക്കം മാത്രമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗാന്ധിനഗർ എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ കെ.കെ. പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.