അടിമാലി: മൂന്നാര്‍ കൊരണ്ടിക്കാട് സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ പാപ്പാന്മാര് തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു.
ആനയുടെ ഒന്നാം പാപ്പാനായ തൃശൂര്‍ സ്വദേശി വിമലിനെ രണ്ടാം പാപ്പാന് മണികണ്ഠന് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
ആനയെ മാറ്റിക്കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് സൂചന. വിമലും മണികണ്ഠനും ഒരുമിച്ചായിരുന്നു താമസം.
മൂന്നാര്‍ ഡിവൈഎസ്പി കെ.ജെ.മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു.
പ്രതി മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു വരികയാണ്. വിമലിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.