നെടുമങ്ങാട് : പണയ സ്വർണാഭരണങ്ങൾ എടുത്തു വിൽപ്പന നടത്തുന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മന്നൂർക്കോണം – പനയ്ക്കോട് റോഡിൽ മുതിയങ്കാവിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
മുതിയങ്കാവിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ നിന്ന് സ്വർണമെടുക്കാൻവന്ന തൃശൂർ സ്വദേശിയായ ജീമോനെയാണ് (35) കാറിലെത്തിയ സംഘം ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ച് പണംതട്ടിയെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ജീമോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.പഴയ പണയാഭരണം ബാങ്കിൽ നിന്നും എടുത്ത് വിൽക്കാൻ സഹായിക്കുന്ന എജന്റാണ് ജീമോനെന്ന് പോലീസ് പറഞ്ഞു.
അഞ്ചുതെങ്ങു സ്വദേശിയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ജഹാംഗീറും സംഘവുമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.നെടുമങ്ങാട്,വലിയമല സിഐമാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.