നെന്മാറ: നെന്മാറ-വല്ലങ്ങിവേലയോടനുബന്ധിച്ച് വല്ലങ്ങി ബൈപാസിൽ അലുവ വാങ്ങാനെത്തിയ മൂന്നുപേർ സ്റ്റാൾ ഉടമയുമായി വാക്കുതർക്കമുണ്ടാക്കുന്നതിനിടെ ഇടപെട്ട പോലീസുകാരന് കുത്തേറ്റു. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. വാക്കുതർക്കം സംഘട്ടനത്തിലെത്തുന്ന സാഹചര്യമുണ്ടായതോടെ ഇവരെ പിടിച്ചുമാറ്റാൻ പോലീസുകാരെത്തി.
പിടിവലിക്കിടയിൽ പ്രതികളിൽ ഒരാൾ കത്തിയെടുത്ത് ഒരു പോലീസുകാരന്റെ കൈയ്ക്കു കുത്തുകയായിരുന്നു. ശ്രീജു രാജൻ (32) എന്ന പോലീസുകാരന്റെ ഇടതുകൈയുടെ പെരുവിരലിനാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരനു നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സ നല്കി.
വേലയോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്കു വന്നതാണ് പോലീസുകാർ. കൃത്യനിർവഹണത്തിനു തടസമുണ്ടാക്കിയതിനും കുത്തിയതിനുമായി കണ്ടാലറിയാവുന്ന ഒരാൾക്കെതിരേ കേസെടുത്തതായി നെന്മാറ സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ പറഞ്ഞു. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.