തിരുവനന്തപുരം: ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. കണ്ണേറ്റ് മുക്ക് സ്വദേശി അലക്സ് (32) നാണ് കുത്തേറ്റത്. വയറിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബാറിനകത്തിരുന്ന മദ്യപിക്കുകയായിരുന്ന അലക്സിന്റെ അടുത്ത ടേബിളിലിരുന്ന് രണ്ട് പേർ വാക്കേറ്റവും സംഘർഷവും ഉണ്ടായി.
ഇതിനെ അലക്സ് ചോദ്യം ചെയ്തു. പുറത്തിറങ്ങിയപ്പോഴാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. തന്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.