പള്ളുരുത്തി: പള്ളുരുത്തിയിൽ കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.ശ്രീകുമാറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ശ്രീകുമാറിന്റെ വയറിലും മുതുകിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
കുമ്പളങ്ങി പുഴയോരം റിസോർട്ടിനു സമീപം താമസിക്കുന്ന വിൽഫ്രഡിനു വേണ്ടി പള്ളുരുത്തി സി.ഐ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇടക്കൊച്ചിയിലെ കോളജിൽ പഠിക്കുന്ന ശ്രീകുമാറിന്റെ സഹോദരിയുടെ മകളെ കോളജിലെ മറ്റൊരു വിദ്യാർഥി ശല്യപ്പെടുത്തുന്നതു ചോദ്യം ചെയ്തതാണ് ആക്രമണത്തിനു പിന്നിലെന്നാണ് പറയുന്നത്.
പരിക്കേറ്റ ശ്രീകുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.