തിരൂർ: തിരൂരിൽ കാറിലെത്തിയ സംഘം രണ്ട് ട്രാൻസ്ജെൻഡേഴ്സിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെയും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച വ്യാജനെയും ഉൾപ്പെടെ മൂന്നു പേരെയാണ് തിരൂർ എസ്ഐ ജലീൽ കറുത്തേടത്തും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ പെട്ട ഒരു പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്.
ഒളിവിലുള്ള ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബി.പി.അങ്ങാടി വള്ളിയേങ്ങൽ ഹൗസ് മുഹമ്മദ് ഷമീർ (37), ബി.പി.അങ്ങാടി പഡാട്ടിൽ ഹൗസിൽ രതീഷ് (33) എന്നിവരാണ് ട്രാൻസ്ജെൻഡേഴ്സിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പിടിയിലായ പ്രതികൾ. വിദേശത്ത് പോവാനിരിക്കുന്ന ഷമീറിനെ രക്ഷിക്കാനായി പ്രതിയാണെന്നവകാശപ്പെട്ട് കീഴടങ്ങിയ കടുങ്ങാത്തുകൊണ്ട് മാട്ടുമ്മൽ രഞ്ജിത്തും (30) അറസ്റ്റിലായി.
ആക്രമണ കേസിൽ ഉൾപ്പെട്ട മൂന്നാമത്തെ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ടൗണ്‍ഹാളിന് സമീപത്ത് വെച്ച് ട്രാൻസ്ജെൻഡേഴ്സിനെതിരേ അക്രമം നടന്നത്. തിരൂർ തൃക്കണ്ടിയൂരിൽ താമസിക്കുന്ന അമ്മു (27), മൃദുല (40) എന്നിവരെയാണ് കാറിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചത്.