തലശേരി: ഭർത്താവിനെ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷമാണ് കാമുകനെ തേടി കോട്ടയം സ്വദേശിനി തലശേരിയിലെത്തിയതെന്ന് പോലീസ്. കോട്ടയത്തിനടുത്ത ഗ്രാമത്തില്‍ നിന്നുമാണ് ഭര്‍തൃമതിയും മൂന്നു മക്കളുടെ അമ്മയുമായ യുവതി കാമുകനെ തേടി ഇന്നലെ തലശേരിയിലെത്തിയത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട എടക്കാട് സ്വദേശിയും അവിവാഹിതനുമായ യുവാവിനെ തേടിയാണ് മുപ്പത്തിരണ്ടുകാരി നഗരത്തിലെത്തിയത്.
എന്നാല്‍ കാമുകി എത്തുന്നതറിഞ്ഞ് കാമുകന് വിദേശത്തേക്ക് കടന്നു. കാമുകനെ തേടി അലഞ്ഞ യുവതിയെ ഒടുവില്‍ പോലീസ് മഹിളാ മന്ദിരത്തിലാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന് വിദേശത്തേക്ക് കടന്നതായി അറിഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പ്രണയത്തിലായത്.
എല്ലാ ചൊവ്വാഴ്ചയും യുവാവ് കോട്ടയത്തെത്തുകയും യുവതിയുമായി ഒരു ദിവസം ചെലവഴിക്കുകയും പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് പതിവു പോലെ യുവാവ് കോട്ടയത്തെത്തി. ഈ ദിവസം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ യുവാവിനെ യുവതി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ഒരു പകല്‍ ഇരുവരും ഒരുമിച്ച് കഴിയുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു.
ഇത് സംബന്ധിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും യുവതി കത്തി കൊണ്ട് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകനെ തേടി യുവതി കണ്ണൂരിലേക്ക് വണ്ടി കയറുകയായിരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി തനിക്ക് ഒരു കുട്ടി മാത്രമേ ഉള്ളൂവെന്നാണ് കാമുകനോട് പറഞ്ഞിരുന്നത്. മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ യുവതിയെ സഹോദരനെ വിളിച്ചു വരുത്തിയ പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു.