പട്ടിക്കാട്: ഹൈക്കോടതി ഉത്തരവിൽ കുതിരാനിലെ തുരങ്കനിർമാണം പുനരാരംഭിച്ചു. തുരങ്ക നിർമാണത്തിൽ അപാകതകൾ ഏറെയുണ്ടെന്നും നഷ്ടപരിഹാരത്തുക ലഭിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് മെന്പർ ഡെയ്സി ജോർജ് പായപ്പൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജില്ലാ ഭരണകൂടവും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിരുന്നു.
തുരങ്ക നിർമാണത്തിൽ കരാർ ലംഘനം നടന്നുവെന്ന വാദം പൂർണമായും കോടതി തള്ളിയില്ല. പക്ഷേ, തുരങ്കനിർമാണത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ഈ ഹർജികൾ സമർപ്പിക്കേണ്ടിയിരുന്നതെന്നും രാജ്യത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കേണ്ട ഒന്നായ ആറുവരിപ്പാതയുടെ നിർമാണം ആരും തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
തുരങ്ക നിർമാണത്തിൽ ആദ്യ തുരങ്കത്തിന്റെ പണികൾ പൂർത്തിയാവുകയും രണ്ടാം തുരങ്കത്തിന്റെ നിർമാണം പാതിവഴിയിലുമായതിനാൽ അത് അവസാനിക്കട്ടെയെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരം നല്കുന്നതിൽ ജില്ലാ ഭരണകൂടം വീഴ്ച വരുത്തരുതെന്നും നിലവിലെ നിയമം അനുസരിച്ചു തുക നല്കാമെന്നും കോടതി പറഞ്ഞു.
മാത്രമല്ല, വീടുകൾ പൂർണമായി തകർന്ന സാഹചര്യം നിലവിലുണ്ടെങ്കിൽ പുതിയ വീടു നിർമിക്കുന്നതിനുള്ള നടപടികൾ കന്പനിയുടെ നേതൃത്വത്തിൽ നടത്തണം. അതിനുവേണ്ട ചെലവുകൾ കന്പനി നിർവഹിക്കണമെന്നും കോടതി നിർദേശിച്ചു. ഇനിയുള്ള തുരങ്കനിർമാണത്തിൽ മാനദണ്ഡങ്ങൾ കന്പനി പാലിക്കുന്നുണ്ടോയെന്നു കളക്ടർ പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു.
നിലവിലെ കണക്കനുസരിച്ച് പീച്ചി, പാണഞ്ചേരി വില്ലേജുകളിൽനിന്നായി ആദ്യഘട്ടത്തിൽ 235 പരാതികൾ വന്നിട്ടുണ്ട്. ഇതിൽ നഷ്ടപരിഹാരം തീർപ്പുകല്പിച്ചിട്ടുള്ള തുക 3.45 കോടി രൂപയാണ്. ഇതിൽ മൂന്നുകോടി രൂപയാണു കന്പനി ജില്ലാ ഭരണകൂടത്തിനു കൈമാറിയിരിക്കുന്നത്.
പണം നല്കുന്നതിന്റെ നടപടികൾക്കായി പീച്ചി, പാണഞ്ചേരി വില്ലേജുകളിൽ അർഹരായവരുടെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സമരസമിതി തുരങ്ക നിർമാണം തടഞ്ഞിരുന്നുവെങ്കിലും കോ ടതി ഉത്തരവ് വന്നപ്പോൾതന്നെ നിർമാണ പ്രവൃത്തികൾ പോലീസ് കാവലോടെ ആരംഭിച്ചു.