തലശേരി: കതിരൂർ പൊന്ന്യത്തെ ബോംബ് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ അറസ്റ്റിൽ .
അഴിയൂർ രമിത നിവാസിൽ രമീഷിനെ (32) യാണ് ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കതിരൂർ സിഐ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രമീഷ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസിലെ മറ്റൊരു പ്രതിയായ സജൂട്ടി നാട്ടിലെത്തി നേരിട്ട് വിളിച്ചതു കൊണ്ടാണ് താൻ ബോംബ് നിർമാണത്തിനായി കതിരൂരിലെത്തിയതെന്നും ഒരു വർഷം മുമ്പ് അമ്മ കുഴഞ്ഞ് വീണ് മരിച്ചിരുന്നുവെന്നും പിന്നീട് ഒന്നിനും പോകാറില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന രമീഷിനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതോടെ ഈ കേസിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ബോംബ് നിർമാണത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന രമീഷിന്റെ നാട്ടുകാരനുൾപ്പെടെ രണ്ട് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരാണ് സംഭവ ദിവസം ആംബുലൻസിൽ കോഴിക്കാട് ഭാഗത്തേക്ക് പോയതെന്ന നിഗമനത്തിലാണ് പോലീസ് .
ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.സ്റ്റീൽ ബോംബുകളുടെ നിർമാണത്തിനു ശേഷം നാടൻ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നതെന്നും നാടൻ ബോംബ് നിർമ്മിച്ച് കെട്ട് മുറുക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
ബോംബ് നിർമ്മാണത്തിനാവശ്യമായ സ്ഫോടക വസ്തുക്കൾ ലഭിച്ച സ്ഥാപനങ്ങളെ കുറിച്ചും പോലീസ് അന്യാഷണം ഊർജിതമാക്കി.
സ്ഫോടനത്തിൽ പരിക്കറ്റ് കണ്ണിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ കെ. ഒ ഹൗസിൽ ധീരജ്, കതിരൂർ പുതിയ വീട്ടിൽ കെ. അശ്വന്ത് , സജൂട്ടി എന്ന കെ.വി സജിലേഷ് എന്നിവരാണ് നേരത്തെ പോലീസ് അറസ്റ്റിലായ പ്രതികൾ. സെപ്റ്റംബർ നാലിനാണ് സ്ഫോടനം നടന്നത്.