തലശേരി: തലശേരി കതിരൂർ പൊന്ന്യം പാലം ചൂള റോഡ് തെക്കേ തയ്യിലിൽ ബോംബ് നിർമാണ കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റവരുമായി സംഭവസ്ഥലത്തുനിന്നു പുറപ്പെട്ടു തലശേരിയിലെത്തിയ രണ്ട് ആംബുലൻസിൽ ഒരെണ്ണം അപ്രത്യക്ഷമായതായി റിപ്പോർട്ട്.
തലശേരി നഗരത്തിൽനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോയ ആംബുലൻസാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ഈ ആംബുലൻസിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസനു ലഭിച്ചിട്ടുള്ള വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ പോലീസ് തെരച്ചിൽ നടത്തി. വടകരയിലെ സഹകരണ ആശുപത്രിയിലും കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. കൂടാതെ കോഴിക്കോട് ഭാഗത്തേക്കുള്ള വിവിധ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.
ഇതിനിടയിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും മൃതദേഹം സംസ്കരിച്ചതായും വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പറഞ്ഞു.
സ്ഫോടനത്തിൽ പരിക്കേറ്റ് തലശേരി സഹകരണ ആശുപത്രിയിൽ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട് ചികിത്സയിലുള്ള മാഹി അഴിയൂർ കല്ലറോത്ത് രമ്യനിവാസിൽ രമീഷ്, അഴിയൂർ കെ. ഒ ഹൗസിൽ ധീരജ്, കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലുള്ള കെ.വി.സജിലേഷ് എന്നിവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പോലീസ് ആശുപത്രി അധികൃതരിൽനിന്നു റിപ്പോർട്ട് തേടും.
പോലീസ് കാവലിൽ ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ആരോഗ്യനില മെച്ചപ്പെട്ടവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായിരുന്നവരും സി.ഒ.ടി നസീർ വധശ്രമക്കേസിൽ പ്രതിയായിരുന്നവരുമുൾപ്പെടെ ഒരു കേന്ദ്രത്തിൽ ഒത്തു ചേർന്ന് ബോംബ് നിർമിച്ചത് പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ആറു പേരുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിൽ നാലുപേരെയും പോലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലും ഒരു പ്രതി റിമാൻഡിലുമാണ്. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പുതിയ വീട്ടിൽ കെ. അശ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
പ്രദേശത്തു പോലീസും ബോംബ് സ്ക്വാഡും നടത്തിയ റെയ്ഡിൽ മൂന്നു ബോംബുകളും ഒരു മൊബൈൽ ഫോണും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ഇതോടെ ഈ പ്രദേശത്തുനിന്നും 15 ബോംബുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കതിരൂർ സി ഐ കെ.അനിൽ, കൂത്തുപറമ്പ് എസ്ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണു കതിരൂർ സ്ഫോടനം അന്വേഷിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയാണു സ്ഫോടനം നടന്നത്.