തലശേരി: കതിരൂർ മനോജ് വധക്കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ യുഎപിഎ കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിലെ 19 പ്രതികളാണ് അഡ്വ. കെ. വിശ്വൻ മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ജസ്റ്റിസ് ഏബ്രഹാം മാത്യുവാണ് ഇതുസംബന്ധിച്ച് ഇരുസർക്കാരുകൾക്കും സിബിഐക്കും നോട്ടീസ് അയച്ചത്. യുഎപിഎ 45ാം വകുപ്പ് പ്രകാരം കേസ് നിലനിൽക്കണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ അനുമതി വേണം. എന്നാൽ ഈ കേസിൽ കേന്ദ്ര സർക്കാരിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നുമുള്ള അനുമതിയാണ് ശേഖരിച്ചിട്ടുള്ളത്.
അധികാരമില്ലാത്ത ഉദ്യോഗസ്ഥനിൽനിന്ന് ചട്ടപ്പടി അനുമതി വാങ്ങുകയാണ് സിബിഐ ചെയ്തിട്ടുള്ളത്. ഇതിൽ ദുരൂഹതയുണ്ട്. ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും പ്രതികൾ ഹർജിയിൽ പറഞ്ഞു. മാത്രവുമല്ല 2015 മാർച്ച് ഏഴിന് കുറ്റപത്രം സമർപ്പിക്കുന്പോൾ ഇത്തരത്തിലുള്ള ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ തെറ്റായ നടപടിയാണ് സിബിഐയിൽ നിന്നുണ്ടായിട്ടുള്ളതെന്നും ഇക്കാരണത്താൽ യുഎപിഎ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ 19 പ്രതികളുടെ കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചിട്ടുള്ളത്. പ്രതികളുടെ ജയിൽമാറ്റം ഇതിനകം വിവാദമായിട്ടുണ്ട്.