കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. യുഎപിഎ ചുമത്തിയാണു കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2014 ൽ നടന്ന കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണു ഇന്ന് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ഇരുപത്തിയഞ്ചാം പ്രതിയായ ജയരാജനെതിരേ ശക്തമായ തെളിവുകളാണു നിരത്തിയിട്ടുള്ളത്. കൊലയ്ക്കുവേണ്ട സഹായം ചെയ്തുകൊടുത്തതു ജയരാജനാണെന്നു കുറ്റപത്രത്തിൽ പറയുന്നു. ജയരാജൻ ഉൾപ്പെടെ ആറുപ്രതികളാണു രണ്ടാം കുറ്റപത്രത്തിലുള്ളത്. 2014 സെപ്റ്റംബർ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്.
ബോംബെറിഞ്ഞു ഭീകരാന്തരിക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വാഹനത്തിൽനിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെ സിബിഐയ്ക്കു വിടുകയായിരുന്നു.