കൊച്ചി: ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ യുഎപിഎ ചുമത്തി സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.
നേരത്തെ, ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം മടക്കിയത്.
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനു മുഖ്യപങ്കുണ്ടെന്ന് ആരോപിച്ചാണ് സിബിഐ അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയത്. 1999-ൽ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ മുഖ്യപ്രതിയായ വിക്രമന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ, തെളിവു നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിൽ 25-ാം പ്രതിയാണ് ജയരാജൻ. 19 പ്രതികൾക്കെതിരായ കുറ്റപത്രം നേരത്തെ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു.
2014 സെപ്റ്റംബർ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വാഹനത്തിൽനിന്നു വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് കേസ് സിബിഐക്കു വിട്ടത്.