പത്തനംതിട്ട: ജനറൽ ആശുപത്രിക്ക് അനുവദിച്ച കാത്ത് ലാബിന്റെ പ്രവർത്തനം പൂർണസജ്ജമായി. രണ്ടാഴ്ചയ്ക്കിടെ ഹൃദയാഘാതം ഉൾപ്പെടെ ഗുരുതര നെഞ്ച് രോഗം ബാധിച്ച 11 പേർക്ക് കാത്ത് ലാബിലെ ചികിത്സ ലഭ്യമാക്കിയിരുന്നു. എക്കോ, ആൻജിയോ ഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയാണ് കാത്ത് ലാബിൽ നടത്തുന്നത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ പരിശോധന ലഭ്യമാണ്.
സംസ്ഥാനത്തെ മൂന്നാമത്തേതും ജില്ലയിലെ ആദ്യത്തേതുമാണ് ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്. രണ്ട് കാർഡിയോളജിസ്റ്റുകളുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ജനുവരി 26ന് കാത്ത് ലാബ് ഉദ്ഘാടനം ചെയ്തെങ്കിലും നഴ്സുമാരുടെയും ടെക്നിഷൻമാരുടെയും കുറവ് കാരണം ലാബിന്റെ പ്രയോജനം രോഗികൾക്കു ലഭ്യമായിരുന്നില്ല. രണ്ട് നഴ്സുമാരെയും ഒരു ടെക്നിഷനെയും നിയമിക്കാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം അനുമതി നൽകിയതിനെ തുടർന്ന് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തിയാണ് ലാബ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത്.
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒപി പരിശോധന. ചൊവ്വ, വെളളി ദിവസങ്ങളിൽ എക്കോ ടെസ്റ്റും ബുധൻ, ശനി ദിവസങ്ങളിൽ കാത്ത് ലാബിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്തും. എറണാകുളം, പാലക്കാട് ജനറൽ ആശുപത്രികളിലെ ഫീസാണ് പത്തനംതിട്ടയിലും ഏർപ്പെടുത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയിലേറെ വരും. ഹൃദയവാൽവിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനുളള സ്റ്റെന്റ്, ബലൂൺ എന്നിവ ഉപയോഗിക്കുന്നതനുസരിച്ച് ഫീസിൽ വ്യത്യാസം വരും. ഹെൽത്ത് കാർഡ് ഉളളവർക്ക് പൂർണമായും സൗജന്യമാണ്.
എക്കോ ടെസ്റ്റിന് ഡോക്ടർ റാന്നിക്കും പോകണം
ജനറൽ ആശുപത്രിയിൽ കാർഡിയോളജിയും കാത്ത് ലാബും നടത്തിക്കൊണ്ടു പോകുന്ന ഡോക്ടർക്ക് എക്കോ ടെസ്റ്റിന് ഒരു ദിവസം റാന്നി താലൂക്ക് ആശുപത്രിയിലും ഡ്യൂട്ടിയിട്ടു. എക്കോ ടെസ്റ്റിന് പരിചയമുളള ടെക്നീഷൻ മതിയെന്നിരിക്കെയാണ് ഡോക്ടറെ വ്യാഴാഴ്ച ദിവസം റാന്നിക്കു വിടുന്നത്. ഇത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്.
ജനറൽ ആശുപത്രിയിലെ ഫീസ് നിരക്ക്
എക്കോ
എപിഎൽ – 500 രൂപ.
ബിപിഎൽ – 200 രൂപ.
ആൻജിയോഗ്രാം
എപിഎൽ, ബിപിഎൽ – 5000 രൂപ
ആൻജിയോപ്ലാസ്റ്റി
എപിഎൽ, ബിപിഎൽ -10000 രൂപ