ബോളിവുഡ് നടി കത്രീന കെയ്ഫ് ഇപ്പോൾ തിരക്കിലാണ്. ജഗ്ഗ ജസൂസിന്റെ പ്രചാരണ പരിപാടികളുമായി രണ്‍ബീർ കപൂറിനൊപ്പം നാടെങ്ങും ഓടുകയാണു നടി. അതേസമയം ചിത്രം ഇറങ്ങുന്നതിന്റെ ആവേശത്തിലുമാണ് കത്രീന. ജഗ്ഗ ജസൂസിലെ ശ്രുതിയെ മനോഹരമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കത്രീന. എന്നാൽ, ഒരു പതിറ്റാണ്ടിലേറെ കാലം നീണ്ടുനിൽക്കുന്ന കരിയറിൽ ഏറ്റവും കഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല കത്രീനയ്ക്ക്.
മലയാളത്തിൽ ചെയ്ത ഒരേയൊരു ചിത്രം ബൽറാം വേഴ്സസ് താരാദാസ് ആണ് ആ സിനിമ. മമ്മൂട്ടിയുടെ നായികയായ ആ ചിത്രത്തിലെ അഭിനയത്തിന്റെ അനുഭവം കടുപ്പമേറിയതായിരുന്നുവെന്നാണ് കത്രീന പറയുന്നത്. ചലച്ചിത്ര അവാർഡ്ദാനവുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയ കത്രീന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ജഗ്ഗ ജസൂസിലെ നായകനും നിർമാതാവുമായ രണ്‍ബീർ കപൂറുമുണ്ടായിരുന്നു വാർത്താസമ്മേളനത്തിൽ. ബൽറാം വേഴ്സസ് താരാദാസിൽ അഭിനയിച്ച കാലം ഇപ്പോഴും ഓർമയുണ്ട്. ദുബായിയിലായിരുന്നു ഞാൻ അഭിനയിച്ച ഭാഗത്തിന്റെ ചിത്രീകരണം ഏറെയും. കുറച്ച് ഭാഗങ്ങൾ കേരളത്തിലും ചിത്രീകരിച്ചു. കടുപ്പമേറിയതായിരുന്നു ആ അഭിനയ കാലം. മലയാളത്തിലുള്ള ഡയലോഗ് പഠിക്കുകയായിരുന്നു ഏറ്റവും വിഷമം. ഒരു മുഴുവൻ പേജ് വരുന്ന ഡയലോഗ് ഒരു രാത്രി മുഴുവൻ ഇരുന്നാണ് പഠിച്ചത്. ശരിക്കും കരഞ്ഞുപോയി. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. വേഗത്തിലുള്ള സംഭാഷണം പഠിക്കാൻ ശരിക്കും വിഷമിച്ചു.
മമ്മൂട്ടിയൊക്കെ അന്ന് ധൈര്യം തന്നു. പിറ്റേ ദിവസം വലിയ കുഴപ്പമില്ലാതെ അത് അഭിനയിച്ച് ഒപ്പിച്ചു. എന്നാൽ, അതിലെ ഒരു വരി പോലും ഇപ്പോൾ ഓർമയില്ല- കത്രീന പറഞ്ഞു. തെന്നിന്ത്യൻ സിനിമയിൽ വിക്രം, പ്രഭാസ് എന്നിവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മറ്റു ചില ചോദ്യങ്ങൾക്കായി മറുപടിയായി കത്രീന പറഞ്ഞു.