ജീവിതത്തിലെ പ്രണയബന്ധം തകർന്നാലും അത് സിനിമയെ ബാധിക്കില്ലെന്ന് കത്രീന കൈഫ്. ജീവിതത്തിൽ താനും രണ്‍ബീർ കപൂറും തമ്മിലുള്ള പ്രണയബന്ധം തകർന്നതാണ്. എന്നാൽ രണ്‍ബീറിനൊപ്പം സിനിമയിൽ അഭിനയിക്കുന്നതിനെ അത് ബാധിക്കില്ലെന്നും കത്രീന വ്യക്തമാക്കി.
ഇരുവരും ഒന്നിച്ചഭിനയിച്ച ജാഗ ജാസൂസ് നാളെ തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി നടന്ന പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു കത്രീന. ഇരുവരുടെയും പ്രണയത്തകർച്ച ബോളിവുഡിൽ ചർച്ചയായതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരുന്നു.വൈദഗ്ദ്ധ്യം നേടിയ കലാകാരൻമാരെ സംബന്ധിച്ച് രണ്ട് വ്യക്തികൾക്കിടയിലെ പ്രശ്നങ്ങൾ ഒരിക്കലും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തെ ബാധിക്കാറില്ല.
ഞങ്ങൾക്കിടയിലും ആ മാജിക് സംഭവിച്ചിട്ടുണ്ട്. രണ്‍ബീർ ഇപ്പോഴും എന്റെ ഹീറോ തന്നെയാണ്- കത്രീന പറഞ്ഞു. അജബ് പ്രേം കി ഗസബ് കഹാനി, രാജ്നീതി എന്നീ ചിത്രങ്ങൾക്ക് ശേഷം കത്രീന- രണ്‍ബീർ കൂട്ടുകെട്ടിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് ജാഗാ ജാസൂസ്. ഈ കെമിസ്ട്രി ജാഗാ ജാസൂസിലും വിജയിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. അനുരാഗ് ബസു ആണ് ചിത്രത്തിന്റെ സംവിധായകൻ.