ബോളിവുഡിലെ സൂപ്പർ നായിക കത്രീന കെയ്ഫ് സിനിമാനിർമാണരംഗത്തേക്കും കടക്കുന്നു. ഭാവിയിൽ അഭിനയം കൊണ്ട് മാത്രമല്ല നിർമാണത്തിൽ കൂടി സജീവമായി സിനിമയിൽ തുടരാനാണ് കത്രീനയുടെ പദ്ധതികൾ. സിനിമ നിർമാണം വ്യത്യസ്തമായി തോന്നുന്നുണ്ടെന്നും അതിനാൽ തനിക്ക് ഇതിൽ കൂടുതൽ താൽപര്യം തോന്നുകയാണെന്നുമാണ് കത്രീന പറയുന്നത്.
എന്നാൽ ഇത് സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് കത്രീന പറയുന്നത്. ഇക്കാര്യം താൻ മനസിൽ തന്നെ കൊണ്ടുനടക്കുകയാണ്. എങ്ങനെയെങ്കിലും അത് ചെയ്യണ മെന്നാണ് കത്രീനയുടെ തീരുമാനം. അതേസമയം അഭിനയത്തിൽ നിന്നു നിർമാണത്തിലേക്ക് ഒരു എടുത്തുചാട്ടത്തിനല്ല കത്രീന ഒരുങ്ങുന്നത്. പതിയെ നിർമാണത്തിലേക്ക് കൂടി എത്തുക എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കത്രീനയുടെ അഭിനയ ജീവിതം പൂർണമായും പരാജയമായി മാറിയിരിക്കുകയാണ്.
അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ ദുരന്തമായി മാറിയിരുന്നു. ശേഷം രക്ഷപ്പെടാൻ നടി തേടിയ മാർഗമാണ് നിർമാണമെന്നാണു ബോളിവുഡിലെ സംസാരം. പഴയ കാമുകൻ സൽമാൻ ഖാനും കത്രീനയും നായികാനായകന്മാരായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ടൈഗർ സിന്ദാ ഹൈ. കാമുകീകാമുകന്മാരായിരുന്ന ഇരുവരും ഏറെക്കാലത്തിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് ടൈഗർ സിന്ദാ ഹൈ. ചിത്രീകരണം പൂർത്തിയായി. കത്രീനയുടെ സിനിമകളെല്ലാം പരാജയമായതിനെ തുടർന്ന് മുൻ കാമുകിയെ രക്ഷിക്കാനുള്ള ശ്രമമായി സൽമാൻ ഖാൻ നിർബന്ധിച്ച് ചെയ്യുന്ന സിനിമയാണ് ടൈഗർ സിന്ദാ ഹൈ എന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരു കാലത്ത് ഇഷ്ടത്തിലായിരുന്നെങ്കിലും വേർപിരിഞ്ഞതിന് ശേഷം കത്രീനയും സൽമാനും അത്ര അടുപ്പത്തിലായിരുന്നില്ല. എന്നാൽ പുതിയ സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നത് മുതൽ ഇരുവരും വീണ്ടും പ്രണയത്തിലായി എന്നും വാർത്തകൾ പ്രചരിച്ചിരുന്നു.