താരങ്ങളുടെ പ്രണയവും വിവാഹവും ബ്രേക്കപ്പുമെല്ലാം ആരാധകർക്ക് അറിയാൻ ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങളാണ്. ബോളിവുഡിലെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. പ്രിയങ്ക ചോപ്ര- നിക്, ദീപിക പദുകോണ്‍-രണ്‍വീർ സിങ്, അനുഷ്ക- വിരട് കോഹ്ലി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ആഘോഷമായിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ പുതിയൊരു പ്രണയ കഥ കൂടി പുറത്തുവരുന്നു.
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിക്കി കൗശലും ബോളിവുഡ് ബ്യൂട്ടി ക്വീൻ കത്രിന കൈഫുമാണ് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ചർച്ചാവിഷയം. താരങ്ങളുടെ ഡേറ്റിങ്ങ് കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉടൻ വിവാഹിതയാകുമെന്നുളള വാർത്തകളും പുറത്തു വരുന്നുണ്ട്.
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് വിക്കിയും-കത്രീനയും. ഇതിനു മുൻപ് മലയാളി നടി മാളവിക മോഹനന്റെ പേര് വിക്കിക്കൊപ്പം ഗോസിപ്പ് കോളത്തിൽ പ്രചരിച്ചിരുന്നു. താരങ്ങളുടെ ചില ഡിന്നർ ഡേറ്റ് ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡേറ്റിങ്ങ് കഥകളും പ്രണയകഥകളു പ്രചരിക്കുന്നത്.
ഇതിനു മുൻപും കത്രീന കൈഫ് വിക്കി കൗശൽ പ്രണയത്തക്കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. പിന്നീട് ഗോസിപ്പ് കോളങ്ങളിൽ നിന്ന് ഇത് അപ്രത്യക്ഷമായി. ഈ വർഷം തന്നെ പ്രണയ ബന്ധം ഒൗദ്യോഗികമായി വെളിപ്പെടുത്തുമെന്നാണു വിവരം. കൂടാതെ ഇത്തവണ ഒരുമിച്ചാണ് താരങ്ങൾ പുതുവർഷം ആഘോഷിക്കുന്നതത്രേ. അമേരിക്കയിൽ വെച്ചാകും താരങ്ങൾ പുതുവർഷം ആഘോഷിക്കുക എന്നുളള വാർത്തകളും പുറത്തു വരുന്നുണ്ട്.
എന്നാൽ ഇതിനെക്കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡും ആരാധകരും സാക്ഷിയാക്കി ഒരു അവാർഡ് ദാന ചടങ്ങിൽ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. മുൻ കാമുകൻ സൽമാന്റെ സന്നിധ്യത്തിലായിരുന്നു. എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂട? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസൽ.
മുജേ ശാദി കരോഗി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് തന്നെ വിവാഹം കഴിക്കുമോ എന്ന് വിക്കി ചോദിച്ചത്.ഇതോടു കൂടിയാണ് വിക്കി- കത്രീന പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയത്.
വിക്കിക്കൊപ്പം അഭിനയിക്കാനുള്ള താൽപര്യം കത്രീന പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ കോഫി വിത്ത് കരണ്‍ ഷോയിൽ വിക്കി അതിഥിയായി എത്തിയപ്പോഴാണ് അവതാരകൻ കരണ്‍ ജോഹർ ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിയോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്നും തങ്ങൾ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീന പറഞ്ഞുവെന്ന് കരണ്‍ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട് വിക്കി ബോധരഹിതനാകുന്നതു പോലെ അഭിനയിക്കുകയും ചെയ്തിരുന്നു.