വരുന്ന ടോക്കിയോ ഒളിംപിക്സിൽ തന്റെ രാജ്യമായ സാൽവഡോറിനു വേണ്ടി ഒരു സ്വർണ മെഡൽ സ്വപനം കണ്ടുകൊണ്ടാണ് എന്നത്തെയും പോലെ അവൾ തന്റെ സർഫിംഗ് ബോർഡുമായി അന്നും ബീച്ചിലേയ്ക്കു പോയത്.
എന്നാൽ, അതു തന്റെ അവസാന പരിശീലനമായിരിക്കും എന്ന് അവളോ, സുഹൃത്തുക്കളോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തിരകളിൽ മിന്നൽ പറന്നിറങ്ങിയപ്പോൾ പറന്നകന്നത് ഈ ലോകോത്തര താരത്തിന്റെ ജീവനായിരുന്നു.
പരിശീലനവും ജോലിയും
കാതറീൻ ഡയസ് ഹെർണാസ് എന്ന 22കാരിയാണ് സർഫിംഗ് ബീച്ചിൽ ഇടിമിന്നലേറ്റു മരിച്ചത്. സർഫിംഗ് ആദ്യമായാണ് ഇത്തവണ സമ്മർ ഗെയിംസിൽ മത്സര ഇനമായി ചേർക്കുന്നത്. അതിന്റെ ആവേശത്തിലായിരുന്നു കോവിഡ് വരുത്തിയ ചെറിയ ഇടവേളയ്ക്കു ശേഷം ഡയസ് വീണ്ടും സർഫിംഗ് ബോർഡുമായി ബീച്ചിലിറങ്ങിയത്.
പക്ഷേ,ആരും പ്രതീക്ഷിക്കാത്ത ദുരന്തമായിരുന്നു അവളെ കാത്തിരുന്നത്. പ്രാദേശിക സമയം അഞ്ചിനു കടലിലേക്കു നടന്നതിനിടെ ഒരു ഇടി മിന്നലുണ്ടായി.
മിന്നലേറ്റ് അവൾ തെറിച്ചുവീണു. സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഐഎസ്എ വേൾഡ് സർഫിംഗ് ഗെയിംസിലും ഐഎസ്എ വേൾഡ് ജൂണിയർ സർഫിംഗ് ചാന്പ്യൻഷിപ്പിലും ഒക്കെ എൽ സാൽവഡോറിനെ പ്രതിനിധീകരിച്ചിരുന്നതു ഡയസായിരുന്നു.
ടോക്കിയോ ഒളിന്പിക് യോഗ്യതയ്ക്കു വേണ്ടി എൽ സാൽവഡോറിൽ നടക്കുന്ന വാർഷിക ആഗോള സർഫ് മത്സരത്തിനായുളള കഠിന പരിശീലനത്തിലായിരുന്നു ഡയസ്.
പകൽ സർഫിംഗ് പരിശീലനത്തിനായി മാറ്റിവയ്ക്കുന്ന അവൾ വൈകുന്നേരങ്ങളിൽ കുക്കായി ജോലി ചെയ്താണു പണം കണ്ടെത്തിയിരുന്നത്.
സങ്കട കുറിപ്പുകൾ
അവളുടെ വേർപാടിനെക്കുറിച്ചു സഹോദരൻ സോഷ്യൽ മീഡിയയിൽ എഴുതിയ വരികൾ പലരുടെയും കണ്ണുനനച്ചു. “സഹോദരി, ഞങ്ങളുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും നീ ഉണ്ടായിരിക്കും.
ദൈവം നിന്നെ നേരത്തെതന്നെ വിളിക്കാൻ തീരുമാനിച്ചു. എന്നാൽ, ഞങ്ങൾ ഇതിനകം നിന്നെ മിസ് ചെയ്യുന്നു. നിന്നോടുളള സ്നേഹം മായില്ല’.
തങ്ങളുടെ പ്രമുഖ കായിക താരത്തിനു ആദരാജ്ഞലികൾ അർപ്പിച്ചു നിരവധി പ്രമുഖരാണ് ഓർമകൾ പങ്കുവച്ചത്. ഇന്റർനാഷണൽ സർഫിംഗ് അസോസിയേഷൻ എഴുതി: കാതറിൻ ഡയസിന്റെ മരണത്തെക്കുറിച്ച് ഐഎസ്എ അറിയുന്നതു കടുത്ത ഹൃദയ വേദനയോടെയാണ്.
കാതറിന്റെ സന്തോഷവും ഉൗർജവുമാണ് സർഫിംഗിനെ ഞങ്ങൾക്കു പ്രിയങ്കരമാക്കിയത്. ഐഎസ്എ വേൾഡ് സർഫിംഗ് ഗെയിംസിലും ഐഎസ്എ വേൾഡ് ജൂണിയർ സർഫിംഗ് ചാന്പ്യൻഷിപ്പിലും അവൾ അഭിമാനത്തോടെ രാജ്യത്തെ പ്രതിനിധീകരിച്ചു.