തുറവൂർ: കാത്തുവിന്റെ ദുരിത ജീവിതത്തിന് മോചനമേകാൻ തെരുവോരം മുരുകനെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുറവൂർ താലൂക്ക് ആശുപത്രിയുടെ വരാന്തയായിരുന്നു കാത്തുവിന്റെ താമസ കേന്ദ്രം. കഴിഞ്ഞ ദിവസമാണ് തെരുവിന്റെ മക്കൾക്ക് തണലായ തെരുവോരം മുരുകൻ കാത്തുവിനെ കൊണ്ടു പോയത്. ഇനി എറണാകുളം കാക്കനാട്ടെ അഭയകേന്ദ്രത്തിലാവും കാത്തുവിന്റെ ശിഷ്ടജീവിതം.
ദീർഘകാലമായി ആശുപത്രി വരാന്തയിൽ അന്തിയുറങ്ങുന്ന തുറവൂർ പഞ്ചായത്ത് നാലാം വാർഡ് തോടയിൽ ഭാഗം തന്പനേഴത്ത് വീട്ടിൽ കാത്തു എന്ന കാർത്തികേയന്റെ (60) ദുരവസ്ഥ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട് കുത്തിയതോട് ജനമൈത്രി പോലീസും സാമൂഹീക പ്രവർത്തകരും സഹായഹസ്തം നീട്ടിയെങ്കിലും സ്വന്തം വീട്ടിൽ താമസിക്കാൻ അവസരം ഉണ്ടാക്കണമെന്നായിരുന്നു കാത്തുവിന്റെ അഭ്യർഥന.
തുടർന്ന് കുത്തിയതോട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കാത്തുവിനെ വീട്ടിലെത്തിച്ചെങ്കിലും ആരും സംരക്ഷിക്കാനില്ലാത്തതിനാൽ ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും ആശുപത്രി വരാന്തയെ ശരണം പ്രാപിക്കുകയായിരുന്നു. കാത്തുവിന്റെ ദയനീയാവസ്ഥ സാമൂഹിക പ്രവർത്തക സുശീല രാമസ്വാമി മുഖേന തെരുവോരം മുരുകൻ അറിഞ്ഞു.
ഇന്നലെ ആശുപത്രിയിലെത്തിയ മുരുകൻ കാത്തുവിനെ ഏറ്റെടുത്ത് കാറിൽ കാക്കനാട്ടേക്കു കൊണ്ടുപോയി. ജൻമനാടിനോട് വിടപറയേണ്ടി വന്നപ്പോൾ കാത്തുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ദിവസങ്ങളായി ഇദ്ദേഹത്തിന് ആശുപത്രിയുടെ മുൻവശം തട്ടുകട നടത്തുന്ന അജയനായിരുന്നു ഭക്ഷണവും മറ്റു സഹായവും ചെയ്തു നൽകിയിരുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ്, അജയൻ, ഷൈല, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.