നീതി ലഭിക്കില്ലെങ്കില്‍ തങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് കഠുവയില്‍ പീഡനത്തിനരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പ്രതികള്‍ രക്ഷപ്പെട്ടാല്‍ ജമ്മുവില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭയമുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. അതിനിടെ വിചാരണ കാഷ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മഹാദുരിതം ഏറ്റുവാങ്ങിയിട്ടും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ അമ്മ ആദ്യമായി പ്രതികരിച്ചു. പ്രതികള്‍ രക്ഷപ്പെട്ടാല്‍ തന്നെയും കുടുംബത്തേയും ഇല്ലാതാക്കും. ആകെയുള്ള വീടും കൃഷിയിടവും നഷ്ടമാകുമെന്നും അമ്മ കണ്ണീരോടെ ആരോപിച്ചു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്ന് ചില പ്രാദേശിക നേതാക്കളുെട സമ്മര്‍ദമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. സി.ബി.ഐ അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും പെണ്‍കുട്ടിയുടെ അച്ഛന് വ്യക്തമാക്കി.
കേസിന്റെ വിചാരണ കഠുവയില്‍ നിന്ന് ചണ്ഡീഗഢിലേക്ക് മാറ്റമെന്നാണ് അച്ഛന്റെ ആവശ്യം. ഇതിനെ പ്രതികളായ സഞ്ജി റാം, വിശാല്‍ ജന്‍ഗോത്ര എന്നിവര്‍ എതിര്‍ത്തിട്ടുണ്ട്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. കാഷ്മീരിലെ തന്നെ മറ്റേതെങ്കിലും കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.