ജമ്മു: രാജ്യത്തെ നടുക്കിയ കഠുവ കൂട്ടമാനഭംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പത്താൻകോട്ട് പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയും ഗ്രാമത്തലവനുമായ സാഞ്ജി റാം, കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജുരിയ, സുരേന്ദർ വർമ, തിലക് രാജ് എന്നിവർ കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
സാഞ്ജി റാമിന്റെ മകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. ഇയാൾക്കെതിരെയും മാനഭംഗത്തിനാണ് കേസെടുത്തിരുന്നത്. സാഞ്ജി റാമിന്റെ മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിധിപ്രസ്താവം പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ
പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനാണ് കേസ്.പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിധി പറയും. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്.
2018 ജൂണ്‍ പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കഠുവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളിൽ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലീംഗകളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.