കത്രീന കെയ്ഫിനെ പിന്തുടർന്ന ആരാധകനെ താരത്തിന്റെ ബോഡിഗാർഡ് അടിച്ചു എന്ന വാർത്ത നടി തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ നടിയുടെ വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന പ്രതികരണവുമായി ആരാധകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പിന്നെ എന്തിനാണ് നടിയുടെ ബോഡിഗാർഡ് ആരാധകനെ അടിച്ചതെന്നും, കത്രീന എന്തിന് നുണ പറഞ്ഞതെന്നുമുള്ള ചോദ്യങ്ങളാണ് ഇപ്പോൾ നടിക്ക് നേരെ ഉയരുന്നത്. തന്റെ വാഹനത്തെ പിന്തുടർന്ന് വന്ന ആരാധകൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച അകത്തേക്ക് പ്രവേശിക്കുകയായിരുന്നെന്നാണ് നടി പറഞ്ഞിരുന്നത്. എന്റെ സുരക്ഷ ചൂണ്ടി കാണിച്ച് ആരാധകനെ അകറ്റി നിർത്താൻ ശ്രമിച്ചത് ഡ്രൈവറായിരുന്നു. ഡ്രൈവർ അദ്ദേഹത്തോട് അപേക്ഷയോടെയാണ് കാര്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ അയാൾ അതൊന്നും ചെവിക്കൊണ്ടില്ലായിരുന്നു എന്നുമാണ് കത്രീന പറഞ്ഞിരുന്നത്.
നടിയുടെ വിശദീകരണത്തോടെയാണ് ആരാധകൻ മറുപടിയുമായി രംഗത്തെത്തിയത്. താൻ കത്രീനയുടെ വലിയ ഫാനാണെന്നും അന്ന് താൻ കത്രീനയുടെ കാർ കണ്ടപ്പോൾ ബൈക്കിൽപിന്തുടർന്നിരുന്നു. എന്നാൽ നടി വീട്ടിലേക്ക് പോവുകയായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നു. ഗേറ്റിന് പുറത്താണ് നിന്നത്. ഗേറ്റിന് പുറത്തു നിന്നു കൊണ്ട് കത്രീന മേം ഒരു പിക് തരാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ ബോഡിഗാർഡ് ഗേറ്റ് അടയ്ക്കുകയായിരുന്നു.
നടിയുടെ കാർ കെട്ടിടത്തിന് ഉള്ളിലേക്ക് പോവുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങി വന്ന നടിയുടെ ഡ്രൈവർ എന്റെ മുഖത്ത് അടിക്കുകയായിരുന്നു. താൻ അവിടെ നിന്നും കരഞ്ഞുകൊണ്ട് പോവുകയായിരുന്നെന്നുമാണ് രോഹിത് എന്നയാൾ പറയുന്നത്. കാരണമൊന്നുമില്ലാതെ അടി കിട്ടിയിട്ടും രോഹിത് പരാതി ഒന്നും നൽകിയിരുന്നില്ല.
അതിന് പിന്നിലെ കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. താൻ കത്രീന കെയ്ഫിന്റെ വലിയൊരു ആരാധകനാണ്. ഇതൊരു തമാശയായിട്ടാണ് കണ്ടിരിക്കുന്നത്. അതിൽ വേറെ കാര്യമൊന്നുമില്ല. ഇനിയും താൻ അവരുടെ ആരാധകൻ തന്നെയായിരിക്കും- രോഹിത് വ്യക്തമാക്കി.