ആലപ്പുഴ: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗത്തിൽപെട്ട വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായില്ല. ഇതിനായി കളക്ടറുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത അനുരഞ്ജന യോഗം തീരുമാനമാകാതെ പിരിഞ്ഞു. യാക്കോബായ വിഭാഗത്തിലെ കിഴക്കേവീട്ടിൽ (മഞ്ഞാണിത്തറ) മറിയാമ്മ രാജനാ (92) ണു കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്.
മൃതദേഹം സംസ്കരിക്കാനുള്ള ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്നു തർക്കം ഉടലെടുക്കുകയും കളക്ടർ തർക്കപരിഹാരത്തിനു യോഗം വിളിക്കുകയുമായിരുന്നു. യാക്കോബായ വിഭാഗത്തിന്റെ മതാചാര പ്രകാരം കുടുംബ കല്ലറയിൽ സംസ്കരിക്കണമെന്ന മക്കളുടെയും ബന്ധുക്കളുടെയും ആവശ്യം പൂർണമായും ഓർത്തഡോക്സ് സഭ അംഗീകരിച്ചില്ല. വീട്ടിൽ അന്ത്യശുശ്രൂഷ നടത്തിയതിനു ശേഷം മൃതദേഹപ്പെട്ടി മൂടാതെ പള്ളിയിലെത്തിക്കണമെന്നും ഓർത്തഡോക്സ് വിഭാഗം വ്യവസ്ഥവച്ചു.
പള്ളി വികാരിയുടെ കാർമികത്വത്തിൽ അന്ത്യശുശ്രൂഷകൾ ചെയ്യാൻ തങ്ങൾ തയാറല്ലെന്ന് യാക്കോബായ വിഭാഗവും അറിയിച്ചു. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ തർക്കം പരിഹരിക്കപ്പെടാതെ യോഗം പിരിയുകയായിരുന്നു. യോഗത്തിനു ശേഷം ഇരുവിഭാഗവും തങ്ങളുടെ നിലപാടുകൾ വിശദീകരിച്ച് പത്രസമ്മേളനം നടത്തി.
സുപ്രീംകോടതിയുടെ അന്തിമ വിധിയെ തുടർന്ന് പള്ളി ഭരണത്തിന്റെ നിയന്ത്രണം ഓർത്തഡോക്സ് സഭയുടെ കൈവശമാണെങ്കിലും പരന്പരാഗതമായ ആചാരപ്രകാരം സംസ്കാരം നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഓർത്തഡോക്സ് വിഭാഗം പള്ളി വികാരിയായ ഫാ. ജോണ്സ് ഈപ്പൻ ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്കാരത്തെ എതിർക്കുന്നുവെന്ന് വരുത്തിത്തീർത്ത് സഭയെ ആക്ഷേപിക്കാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ട്.
മരണമടഞ്ഞ മറിയാമ്മ രാജന്റെ കുടുംബാംഗങ്ങൾ എഡിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആചാരപ്രകാരം ഉള്ള സംസ്കാരത്തിനു മക്കൾ സമ്മതിച്ചിരുന്നു. പിന്നീട് ബാഹ്യമായ ഇടപെടൽ മൂലം തീരുമാനത്തിൽ നിന്ന് പിന്മാറി. വീട്ടിൽ അന്ത്യശൂശ്രുഷ നടത്തിയ ശേഷം പള്ളിയിൽ എത്തിക്കുന്ന മൃതദേഹം ആചാരപ്രകാരമുള്ള ചടങ്ങുകളോടെ സംസ്കരിക്കാനും കുടുംബാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നതിനും എതിരല്ല. എന്നാൽ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്ന രീതി പള്ളി സെമിത്തേരിയിൽ അനുവദിക്കാൻ കഴിയില്ലെന്ന് ഫാ. ജോണ്സ് ഈപ്പൻ പറഞ്ഞു.പത്ര സമ്മേളനത്തിൽ മാനേജിംഗ് കമ്മിറ്റിയംഗം റോണിവർഗീസ് ഏബ്രഹാമും പങ്കെടുത്തു.
അതേസമയം കട്ടച്ചിറ കിഴക്കേ വീട്ടിൽ മറിയാമ്മയുടെ മൃതദേഹം യാക്കോബായ സഭാ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ കട്ടച്ചിറപള്ളി കുടുംബക്കല്ലറയിൽ നടത്തുന്നതിന് സർക്കാർ ഇടപെടണമെന്ന് യാക്കോബായ വിഭാഗം വൈദികൻ ഫാ. റോയി ജോർജ് പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രിയെ കാണും. സുപ്രീംകോടതി അംഗീകരിച്ച കട്ടച്ചിറ ഇടവക അംഗത്വ രജിസ്റ്ററിലുള്ള കുടുംബമാണ് മറയാമ്മയുടെത്. കട്ടച്ചിറയിൽ എട്ടു കുടുംബങ്ങളാണ് ഓർത്തഡോക്സ് വിഭാഗത്തിനുള്ളത്.
128 കുടുംബങ്ങളുള്ള യാക്കോബായ സഭയിലെ അംഗങ്ങളെ ഓർത്തഡോക്സ് സഭയിൽ അംഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കോടതിവിധിയുണ്ടെങ്കിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ ഇരുവിഭാഗവും തയാറാകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും മൃതദേഹം വച്ച് വിലപേശുന്ന ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരേ സർക്കാരിനെ സമീപിക്കുമെന്നും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഫാ. റോയി ജോർജ് പറഞ്ഞു. പത്ര സമ്മേളനത്തിൽ ട്രസ്റ്റി അലക്സ് എം. ജോർജ്, മറിയാമ്മയുടെ മക്കളായ കെ.ആർ. മാത്യൂസ്, കെ.ആർ. കോശി, കുടുംബാംഗം കെ.ബി. ജോർജ് എന്നിവരും പങ്കെടുത്തു.