കായംകുളം: തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെൻറ് മേരീസ് പള്ളിയുടെ വാതിൽ തകർത്ത് ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ കയറി പ്രാർത്ഥന നടത്തിയ സംഭവത്തിൽ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും നടത്തുന്ന പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ പത്തിന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും വിവിധ ഇടങ്ങളിൽ നിന്നെത്തിയ ബിഷപുമാരും വൈദികരും പള്ളിക്ക് സമീപം പ്രാർത്ഥനാ യജ്ഞവുമായി നിലയുറപ്പിച്ചിച്ചിരിക്കുകയാണ്. ഇതിനിടയിൽ കട്ടച്ചിറ സെൻറ് മേരീസ് പള്ളിയുടെ നിയന്ത്രണം രണ്ട് മാസത്തേക്ക് താത്ക്കാലികമായി ജില്ലാഭരണകൂടം ഏറ്റെടുത്തതായി ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു.് ഇരുവിഭാഗവുമായി ഇന്നലെ ഉച്ചയോടെ ആലപ്പുഴ കളക്ട്രേറ്റിൽ ചർച്ച നടത്തിയശേഷമാണ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കളക്ടർ ഉത്തരവിട്ടത്.
ഈ കാലയളവിൽ ഇരു വിഭാഗത്തിനും പള്ളിയിൽ കയറി ആരാധന നടത്താൻ അവകാശമില്ല. ഇടവക അംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ സംസ്ക്കാരത്തിന് പള്ളി തുറന്ന് നൽകും. അടുത്ത ബന്ധുക്കളായ 20 പേർക്ക് പള്ളിയിൽ പ്രവേശിച്ച് സംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ അനുവാദം നൽകും. പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരും.
കളക്ടർ നടത്തിയ ചർച്ചയിൽ ഇരു വിഭാഗവും നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ച് നിന്നതോടെയാണ് തെരഞ്ഞടുപ്പ് കാലമായതിനാൽ സംഘർഷ സാധ്യത ഒഴിവാക്കാൻ ജില്ലാ കളക്ടർ നടപടി കൈക്കൊണ്ടത്. എന്നാൽ യാക്കോബായ ഇടവക വിശ്വാസികൾക്കും ട്രസ്റ്റി ഉൾപ്പെടുന്ന ഭരണസമിതിക്കും കോടതി ഉത്തരവിലൂടെ പള്ളിയിൽ നൽകിയ അവകാശം നടപ്പിലായി കിട്ടുംവരെയും കഴിഞ്ഞദിവസം പള്ളിയിൽ അതിക്രമിച്ചു കയറി പ്രശ്നം സൃഷ്ടിച്ച ഓര്ത്തഡോക്സ് വിഭാഗത്തിനെതിരെ നിയമനടപടി സ്വീകരിക്കും വരെയും പ്രതിഷേധ സമരവും പ്രാർത്ഥനായജ്ഞവും തുടരുമെന്ന് യാക്കോബായ വിഭാഗം വൈദിക സെക്രട്ടറി സ്ലീബാ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പ വ്യക്തമാക്കി.
നിരോധനാജ്ഞ നിലനിൽക്കവേ 150 ഓളം വരുന്ന ഓർത്തഡോക്സ് സംഘം പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറി യാക്കോബായ വിഭാഗം സ്ഥാപിച്ച വിശുദ്ധ·ാരുടെ ചിത്രങ്ങൾ തകർക്കുകയും കൊടികളും ചിത്രങ്ങളും തീയിട്ട് നശിപ്പിച്ച് അക്രമം കാണിക്കുകയും ചെയ്തത് അംഗീകരിക്കാൻ കഴിയില്ല. അതിനാൽ അതിക്രമം കാട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.
ഇന്നലെ യു കെ ഭദ്രാസനാധിപൻ ബിഷപ്പ് മാത്യുസ് മാർ അന്തിമോസ്, ബിഷപ്പ് ഗീവർഗീസ് മാർ ദിവന്നാസിയോസ് സഭാ വർക്കിംഗ് കമ്മിറ്റി അംഗം കെ ഏലിയാസ് എന്നിവരും പ്രാര്ഥനായജ്ഞത്തിൽ പങ്കെടുത്തു. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോര, കായംകുളം ഡിവൈഎസ്പി ആർ ബിനു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് ഇപ്പോഴും വൻ പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട് .