വണ്ണപ്പുറം: കാറ്റിനോട് കിന്നാരം ചൊല്ലി കാണാക്കാഴ്ചകളുടെ വിരുന്നൊരുക്കി കാറ്റാടിക്കടവ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാറ്റാടിക്കടവ.് ഉദയാസ്തമനങ്ങളുടെ മഴവിൽ ദൃശ്യവിസ്മയമൊരുക്കിയാണ് സന്ദർശകരെ വരവേൽക്കുന്നത്. മേഘങ്ങളെ നെഞ്ചോട് ചേർത്ത് പുൽകാൻ, മഞ്ഞു പെയ്യുന്ന ഈ താഴ്വരയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഏറി വരികയാണ്.
വിടരും മുന്പേ കൊഴിഞ്ഞു പോയ ഒരു പ്രണയത്തിന്റെ നൊന്പരകഥ ഇവിടെ അലിഞ്ഞു കിടപ്പുണ്ട്. മഹാബലിയുടെ കാലത്ത് മായൻ രാജാവിന്റെ സേനാപതിയായ മാണിക്യൻ അദ്ദേഹത്തിന്റെ മകൾ മരതകത്തെ പ്രണയിച്ചിരുന്നു.
ഇതറിഞ്ഞ മായൻ രാജാവ് മാണിക്യനെ വധിക്കുകയും ഇതിന്റെ നൊന്പരം പേറി മരതകം സ്വയം ജീവൻ വെടിയുകയും ചെയ്തു. തുടർന്ന് മരതകം ഈ മലയിൽ പുനർജനിച്ച് ശാപമോക്ഷം തേടിയെന്നാണ് ഐതിഹ്യം. സർ സിപി യുടെ കാലത്ത് 1946ൽ ഇവിടെ ആളുകളെ ഗ്രോമോർ ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി കുടിയിരുത്തുകയായിരുന്നു. കാറ്റാടിക്കടവിന്റെ പടിഞ്ഞാറായി മേഘങ്ങളെ തൊട്ടൊരുമ്മി നിൽക്കുന്ന വലിയ പടികടവ് ചേതോഹരമായ ദൃശ്യമാണ്.
കാറ്റാടിക്കടവിൽ കാണുന്ന മാമുനിയറ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഇടമാണ്. മാമുനിയറയ്ക്ക് ഉളളിൽ കയറിയാൽ കട്ടിലും കസേരയും പോലെ രൂപാന്തരപ്പെട്ട പാറകൾ കാണാം. മുണ്ടൻമുടിയ്ക്ക് അഴകായി ഒഴുകുന്ന നെയ്കുത്തനാറിന്റെ ഉത്ഭവകേന്ദ്രം കാറ്റാടിക്കടവിന്റെ തെക്കുഭാഗമാണ്. പല വർണ പൂക്കൾ ചൂടി നിൽക്കുന്ന മണിമരുതുകളും ചേതോഹരമായ നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ആരെയും ആകർഷിക്കും.
ഇവിടെ നിന്ന് നോക്കിയാൽ കൊച്ചിൻ റിഫൈനറിയുടെ വിദൂര ദൃശ്യം കാണാം. പാൽക്കുളംമേട് ,മുളകുവള്ളി, അടുക്കം തുടങ്ങിയ മേടുകൾ സഞ്ചാരികളെ ഇവിടേക്ക് മാടി വിളിക്കുന്നു. മീനുളിയാൻപാറ, തൊമ്മൻകുത്ത്, മൂലമറ്റം, അടിമാലി, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചപ്പാറ എന്നീ പ്രദേശങ്ങളും കാറ്റാടിക്കടവിൽ നിന്നാൽ കാണാം. വാനനിരീക്ഷണത്തിനും, സർവേയ്ക്കുമായി പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടെയെത്തിയ ഒരു കൂട്ടം ഉദ്യോഗസ്ഥർ ദിവസങ്ങളോളം താമസിച്ചതായി പറയപ്പെടുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു പഞ്ചാബി വെള്ളം എടുക്കാൻ മലയുടെ മുകളിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഈറ്റക്കൂട്ടത്തിന്റെ മറവിൽ നിന്ന ആനക്കൂട്ടത്തിന്റെ മുന്പിൽ അകപ്പെടുകയും ആനയെ കണ്ട് ഭയന്ന പഞ്ചാബി ഓടി മരത്തിൽ കയറിയെങ്കിലും ആനയുടെ ചവിട്ടേറ്റ് മരിച്ചെന്നാണ് പഴമക്കാർ പറയുന്നത്. പഞ്ചാബിയുടെ കൂടെ വന്നവർ അദ്ദേഹത്തെ കല്ലറയുണ്ടാക്കി അതിൽ അടക്കം ചെയ്തതായും പറയുന്നു. സൂര്യാസ്തമയത്തിന്റെ വർണ ദൃശ്യങ്ങൾ ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നു.
ടൂറിസം വികസനത്തിനു അനന്ത സാധ്യതകൾ തുറന്നു കിടക്കുന്പോഴും ഇവിടെയെത്തുന്ന സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലെന്നുള്ളതാണ് പോരായ്മ. ഗതാഗത സൗകര്യം പോലും പരിമിതമാണ്. ടൂറിസം വികസനത്തിനായി പ്രദേശിക ഭരണകൂടവും ദീർഘ ദൃഷ്ടിയോടു കൂടിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ തയാറാകുന്നില്ല. വണ്ണപ്പുറം-മുണ്ടൻമുടി റൂട്ടിൽ കള്ളിപ്പാറ വഴി സഞ്ചരിച്ചാൽ കാറ്റാടിക്കടവിലെത്താം.