നെടുങ്കണ്ടം: പരീക്ഷണാർഥം കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാൻ സ്ഥാപിച്ച കാറ്റാടിയന്ത്രം നോക്കുകുത്തിയായി. രാമക്കൽമേട് മഞ്ചനമേട്ടിൽ 2002-ൽ സ്ഥാപിച്ച കാറ്റാടിയന്ത്രത്തിൽനിന്നും 17 വർഷം കഴിഞ്ഞിട്ടും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിച്ചിട്ടില്ല. ഈ കാറ്റാടിയന്ത്രം ഇപ്പോൾ പ്രദേശവാസികൾക്ക് പേടിസ്വപ്നമായി മാറി.
സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു സ്വകാര്യവ്യക്തി കാറ്റാടിയന്ത്രം നിർമിച്ചതും ഇവിടെയാണ്. മഞ്ചനമേട് സ്വദേശിയായ പ്രഭാകരനാണ് കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ചെറിയ യന്ത്രം ഇവിടെ സ്ഥാപിച്ചത്. ഇതിനേക്കുറിച്ച് പഠിക്കുവാൻ നിരവധി ആളുകൾ എത്തിയതിനേതുടർന്നാണ് ഇവിടെ കാറ്റാടിയന്ത്രം സ്ഥാപിക്കുവാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. മഞ്ചനമേട്ടിലെ 30-ൽപരം കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു.
ഇതനുസരിച്ച് രണ്ടു വ്യക്തികൾ കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനായി നാലുസെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറുകയായിരുന്നു. പിന്നീട് ഇവിടെ ലക്ഷങ്ങൾ മുടക്കി യന്ത്രം സ്ഥാപിക്കുകയും ചെയ്തു. ഇരുന്പ് കേഡറുകൾ 50 അടി ഉയരത്തിൽ നിർമിച്ച് ഇതിലാണ് മൂന്നു ലീഫുകളുമായി കാറ്റാടി സ്ഥാപിച്ചത്.സംസ്ഥാനത്തുതന്നെ വലിയ ചർച്ചാവിഷയമായിരുന്നു ഒരു ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കാറ്റാടിയന്ത്രം. ടവറിനു സമീപംതന്നെ കണ്ട്രോൾ റൂമും മറ്റു മെഷിനറികളും സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ഇവയെല്ലാം ഇന്ന് നശിച്ച നിലയിലാണ്. മൂന്നു ലീഫുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കി രണ്ടെണ്ണവും തുരുന്പെടുത്ത് ഒടിഞ്ഞുവീണു. ഇതേ അവസ്ഥയാണ് കേഡറുകൾക്കും. പല ഭാഗങ്ങളും തുരുന്പെടുത്തും ദ്രവിച്ചും നിൽക്കുന്നതിനാൽ ഏതുനിമിഷവും ടവർ പൂർണമായിത്തന്നെ താഴേക്കുപതിക്കാം.
നിരവധി ആളുകളാണ് ഇതിനു സമീപത്തായി താമസിക്കുന്നത്. ടവറിന്റെ ചുവട്ടിലൂടെ ആമപ്പാറ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള വഴിയും കടന്നുപോകുന്നു. ദിവസേന 25-ൽപരം ഓഫ് റോഡ് ജീപ്പുകളാണ് അപകടാവസ്ഥയിലായ ടവറിന്റെ ചുവട്ടിലൂടെ പോകുന്നത്. കൊച്ചുകുട്ടികൾ അടക്കം നിരവധി യാത്രക്കാരും പ്രാണഭയത്തോടെയാണ് ഇതുവഴി കടന്നുപോകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കണ്ട്രോൾ റൂമും ഇടിഞ്ഞുപൊളിയാറായ നിലയിലാണ്. ഇത് കാടുകയറി നശിക്കുകയാണ്.
നിരവധി തവണ ടവർ പൊളിച്ചുമാറ്റി അപകടാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ വൈദ്യുത പദ്ധതിയുടെ സ്മാരകമായി ഇത് ഇപ്പോഴും അവശേഷിക്കുകയാണ്.