കണമല: ആറ്റിൽ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയുമായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക് വനത്തിൽ നിന്നെത്തിയ ആന ചിന്നം വിളിച്ച് തുമ്പിക്കൈ ചുഴറ്റി പാഞ്ഞെത്തിയത് അപ്രതീക്ഷിതമായി.
എന്ത് ചെയ്യണമെന്നറിയാതെ ആദ്യം ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ചു കുട്ടികളെയുമെടുത്ത് ഓടിയത് രക്ഷയായി. കലി പൂണ്ട ആന വസ്ത്രങ്ങളും ബക്കറ്റും സോപ്പുമൊക്കെ ചവിട്ടിമെതിച്ചു. ഇന്നലെ എയ്ഞ്ചൽവാലി എഴുകുംമണ്ണിലാണ് സംഭവം.
അഴുതയാറിലെ വളക്കുഴി കടവിൽ കുളിക്കാനെത്തിയ നാട്ടുകാരനും ഫോറസ്റ്റ് വാച്ചറുമായ ഉടുമ്പക്കൽ മനോജും ഭാര്യ, കുട്ടികൾ, സുഹൃത്തും അയൽവാസിയുമായ പനച്ചിക്കൽ സന്തോഷ്, ഭാര്യ, മക്കൾ എന്നിവരാണ് ആനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മനോജ് അറിയിച്ചതിനെത്തുടർന്ന് വനപാലക സംഘം സ്ഥലത്തെത്തി വെടി പൊട്ടിച്ച് ആനയെ തുരത്തിയോടിച്ചെങ്കിലും ഉച്ചയ്ക്ക് 12 ാടെ ആനകൾ കൂട്ടമായി ഇതേ സ്ഥലത്തെത്തി നിലയുറപ്പിച്ചിരിക്കുകയാണ്.
വനത്തിൽനിന്ന് നാട്ടിലിറങ്ങുന്ന ആനകളെ ഭയന്നു കഴിയുകയാണ് ഒരാഴ്ചയായി നാട്ടുകാർ. എയ്ഞ്ചൽവാലി, കാളകെട്ടി, പത്തേക്കർ, എഴുകുംമണ്ണ് എന്നിവിടങ്ങളിൽ ആനകളെ ഭയന്ന് അതിരാവിലെ റബർ ടാപ്പ് ചെയ്യാൻ പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
കൃഷിപ്പണികളും ടാപ്പിംഗുമൊക്കെ രാവിലെ പത്ത് മണി കഴിഞ്ഞാണ്. ഈ പ്രദേശത്ത് പത്രവിതരണം നടത്തുന്ന ദീപിക ഏജന്റ് സാബുവും ഭീതിയിലാണ്. വനത്തിനോട് ചേർന്നുള്ള നാട്ടുവഴികളിലൂടെയാണ് അതിരാവിലെ പത്രവിതരണത്തിനായി യാത്ര ചെയ്യേണ്ടത്.
രാത്രിയിലും പുലർച്ചെയും മാത്രമല്ല പകൽ സമയത്തും ഇപ്പോൾ ആനകളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉറുമ്പിൽ ദിലീപ്, ചേലാക്കൽ രാജൻ എന്നിവരുടെ പുരയിടങ്ങളിലെത്തിയ ആനകൾ വാഴ, റബർ കൃഷികൾ നശിപ്പിച്ചു.
വനാതിർത്തിയിലെ സൗര വൈദ്യുതി വേലികൾ പലതും പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്ന വേലികളിൽ പകൽ സമയത്തും സൗര വൈദ്യുതി പ്രവർത്തിപ്പിക്കാൻ ഇന്നലെ വനപാലകർ നിർദേശം നൽകി.
വനത്തിൽ വെള്ളവും ഭക്ഷ്യ വിഭവങ്ങളും കുറഞ്ഞതോടെയാണ് ആനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. വെള്ളവും ഭക്ഷ്യയോഗ്യ സസ്യങ്ങളും വനത്തിൽ ലഭ്യമാക്കിയാൽ ആനകളുടെ കാടിറക്കം തടയാനാകും.
വനത്തിലെ നീർച്ചാലുകൾ സംരക്ഷിച്ച് മൃഗങ്ങൾക്ക് കുടിക്കാൻ പാകത്തിൽ തടയണകളും കുളങ്ങളും നിർമിക്കുന്നത് ഗുണകരമാണ്.
ദിവസങ്ങളായി നാട്ടുകാർ ആനകളെ ഭയന്ന് ഉറക്കമൊഴിച്ച് വീടുകളിൽ കാവലിരിക്കുകയാണ്. ആനകളെ തുരത്താൻ പടക്കങ്ങൾ പൊട്ടിക്കുകയാണ് ഒരു മാർഗം.
തീ കത്തിച്ച് ഭയം സൃഷ്ടിച്ച് ഓടിക്കാൻ ശ്രമിക്കാറുമുണ്ട്. ചെണ്ടയും പാട്ടത്തകരയും കൊട്ടി ശബ്ദം ഉണ്ടാക്കാറുമുണ്ട്. എന്നാൽ ഇതൊന്നും ഒരു പരിധിയിൽ കൂടുതൽ ഫലപ്രാപ്തിയിലെത്തില്ല.
വർഷങ്ങൾക്ക് മുമ്പ് ആനകളെ തുരത്തി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ വയോധികൻ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു.
ആനകൾ മാത്രമല്ല കാട്ടുപോത്തുകളും പന്നികളും കൂട്ടത്തോടെ വിളകൾ നശിപ്പിക്കുന്നത് പതിവാണ്. പ്രളയത്തിന്റെ നാശനഷ്ടങ്ങളും വിളകളുടെ വിലയിടിവും സാമ്പത്തിക പ്രയാസങ്ങളും വലയ്ക്കുന്നതിന് പുറമെയാണ് പമ്പാവാലിയിലെ കർഷകരിൽ കാട്ടുമൃഗങ്ങളുടെ ഭീഷണിയും ഉപദ്രവവും നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നത്.