കട്ടക്ക്: മാതാപിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ദിവസങ്ങളോളം പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. 17കാരിയാണ് പീഡനത്തിന് ഇരയായത്.
വഴിമധ്യേ സഹായം വാഗ്ദാനം ചെയ്ത യുവാവും സുഹൃത്തും അടുത്തുള്ള ഫാമിൽ എത്തിച്ച് പൂട്ടിയിട്ട് പെൺകുട്ടിയെ 22 ദിവസത്തോളം പീഡിപ്പിച്ചു. പെൺകുട്ടി ഇത് സംബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി.
കഴിഞ്ഞ മാസമാണ് ടിർട്ടോൾ സ്വദേശിയായ പെൺകുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കിലെ ഒഎംപി സ്ക്വയറിൽ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഒപ്പംകൂട്ടിയത്.
എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്ന ഗ്രാമത്തിലുള്ള ഒരു ഫാമിലെത്തിലെത്തിച്ച് രണ്ട് പേർ ചേർന്ന് 22 ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു.
ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് സംശയിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ പ്രതീക് സിംഗ് അറിയിച്ചു.