സുനിൽ കോട്ടൂർ
കാട്ടാക്കട : കടുവകൾക്കും വേണ്ടേ ഒരു ആതുരാലയം. വൈൽഡ് ലൈഫ് സൊസൈറ്റിയും ഗ്ലോബൽ ടൈഗർഫോറവും ഇക്കാര്യത്തിൽ നയരേഖകൾ ചിട്ടപ്പെടുത്തുന്നതിനിടെ സംസ്ഥാന വനം വകുപ്പ് ഒരു പടി മുന്നോട്ട്. വംശനാശത്തിന്റെ വക്കിലായ കടുവകൾക്കായി ഒരു ആതുരാലയം തുടങ്ങാനുള്ള നീക്കത്തിലാണ് ഇവർ. നെയ്യാറിലെ സിംഹസഫാരി പാർക്കിൽ അതിനുള്ള സൗകര്യം തേടുന്ന തിരക്കിലാണ് ഇവർ.
നെയ്യാറിലെ തുരുത്തിൽ പശ്ചിമഘട്ടവികസനപദ്ധതിയിൽപ്പെടുത്തി 10 ഏക്കറിൽ 1985ൽ ആരംഭിച്ച നെയ്യാർ സിംഹ സഫാരി പാർക്ക് ഏറെക്കാലം നെയ്യാറിന്റെ ആകർഷകമായിരുന്നു. ബോട്ട് വഴിയും വാഹനം വഴിയും കൂട്ടത്തോടെയാണ് സഞ്ചാരികൾ ഇവിടെ എത്തിയിരുന്നത്. ഇന്നത് പഴങ്കഥ. 15 സിംഹങ്ങൾ ഉണ്ടായിരുന്ന പാർക്കാണിത്. അവറ്റകളുടെ പ്രസവം പോലും ഇവിടെ നടന്നിരുന്നു. ആൺ സിംഹങ്ങളെ വന്ധ്യംകരിക്കുക എന്നതിലാണ് ആരംഭിച്ചത്.
വന്ധ്യംകരിക്കപ്പെട്ടതോടെ പാർക്കിനകത്ത് പ്രസവം പോലും നടക്കാതെ ആയതോടെ എണ്ണവും കുറഞ്ഞു. പാർക്ക് നവീകരിക്കാനും സഞ്ചാരികളെ ആകർഷിക്കാനും നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും അതൊന്നും നടന്നില്ല. പാർക്കിൽ തന്നെ ജനിച്ചു വളർന്ന സിംഹങ്ങളാണ് ഇവിടുള്ളത് അതിനെ മാറ്റി പുതിയ സിംഹങ്ങളെ ഗുജറാത്തിലെ ഗീർവനങ്ങളിൽ നിന്നും കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഇവിടെ പുതിയ നീക്കവുമായി വനം വകുപ്പ് എത്തുന്നത്. സംസ്ഥാനത്തെ ഏക സിംഹസഫാരി പാർക്കാണിത്.
ഇവിടെ സിംഹങ്ങൾക്കായി പുതിയ കൂടുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. . സൂ അതോറിറ്റി ഓഫ് ഇൻഡ്യയുടെ ചട്ട പ്രകാരം ചികിൽസ നടത്താനും പരിചരിക്കാനും ഉള്ള സൗകര്യം നെയ്യാറിലെ സിംഹ സഫാരി പാർക്കിനാണ് ഉള്ളത്. ഇങ്ങനെ പ്രത്യേക രീതിയിൽ നിർമ്മിച്ച കൂടുകൾക്കായുള്ള അന്വേഷണത്തിലാണ് കടുവകൾക്കായി ആശുപത്രിയ്ക്കായി നെയ്യാർ പാർക്കിനെ തിരഞ്ഞെടുത്തത്.
അടുത്തിടെ ഇവിടെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാട്ടിലിറങ്ങിയ കടുവകളേയും പുലികളേയും ഇവിടുത്തെ കൂടുകളിലാണ് എത്തിച്ചതും വിദഗ്ധ പരിചരണം നൽകി രക്ഷപ്പെടുത്തിയതും. ഈ പശ്ചാത്തലത്തിലാണ് ആതുരാലയത്തിനായി നെയ്യാറിന് നറുക്കു വീണത്.
കടുവ സംരക്ഷണ സമിതിയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ എത്തി പരിശോധന നടത്തും. അതിനുശേഷമാകും പ്രഖ്യാപനം. ഇവിടെ വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനവും ഉണ്ടാകും. സംസ്ഥാനത്തിനു പുറമേ അന്യസംസ്ഥാനത്തെ കടുവകൾക്കും പുലികൾക്കും വേണ്ടിയും ഇത് തുറന്നു നൽകാനുള്ള നീക്കവും വനം വകുപ്പ് നടത്തും.